വീണ്ടും: കാത്ത്‌വ പെണ്‍കുട്ടിക്ക് സമാനമായി ഗുജറാത്തിലും പെണ്‍കുട്ടിക്കു മൃഗീയ പീഡനം; എട്ടു ദിവസത്തിനു ശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൃതദേഹം; ഞെട്ടിക്കുന്ന വിവരങ്ങള്‍

Date : April 16th, 2018

സൂറത്ത്: ഉന്നാവോ, കാത്തുവ പീഡന സംഭവത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നവരേ, ഇതാ മറ്റൊരു പെണ്‍കുട്ടികൂടി മൃഗീയ പീഡനത്തിന് ഇരയായിരിക്കുന്നു. മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എട്ടു ദിവസം ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം ബെസ്താന്‍ മേഖലയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്, കുറഞ്ഞത് എട്ടു ദിവസമെങ്കിലും പെണ്‍കുട്ടി ക്രൂരയമായ ശാരീരിക പീഡനങ്ങള്‍ക്കും മാനഭംഗത്തിനും ഇരയായെന്നു പറയുന്നു. മരം കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണു പെണ്‍കുട്ടിയുടെ ദേഹത്തുണ്ടാക്കിയ മുറിവുകളെന്നും ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

പെണ്‍കുട്ടിയാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അവകാശമുന്നയിച്ച് ആരും എത്തിയിട്ടില്ലെന്ന് മറ്റൊരു ദേശീയ ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു. കാണാതായ പെണ്‍കുട്ടികളുടെ പട്ടിക പരിശോധിച്ച് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണു പോലീസ്. ആരാണു പിന്നിലെന്നും വ്യക്തമല്ല. ‘പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടായിരുന്നെന്നും ഇതിലേറെയും സ്വകാര്യ ഭാഗങ്ങളിലായിരുന്നെന്നും ഫോറന്‍സിക് സര്‍ജനായ ഗണേഷ് ഗവേക്കര്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. പെണ്‍കുട്ടിക്കു മയക്കുമരുന്നു നല്‍കിയോ എന്നതടക്കം അറിയാന്‍ ഫോറന്‍സിക് ടെസ്റ്റിന് അയച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

 

എട്ടു ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബികെ ജാല പറഞ്ഞു. മറ്റെവിടെയെങ്കിലും കൃത്യം നടത്തിയശേഷം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്നും പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കു തിരിച്ചറിയാനായി അയച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20,000 രൂപയും പ്രഖ്യാപിച്ചു.

 

അതേസമയം, ഉന്നാവോ കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ കുല്‍ദീപിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയും നടത്തിയിട്ടുണ്ട്.