ദിലീപിനു വീണ്ടും വിദേശ യാത്രയ്ക്ക് അനുമതി; ഇക്കുറി ദുബായിലേക്കും സിംഗപ്പുരിലേക്കും; സെഷന്‍സ് ജഡ്ജിയുടെ അനുമതി കര്‍ശന ഉപാധികളോടെ

Date : April 17th, 2018

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ചലചിത്ര നടന്‍ ദിലീപിനു വിദേശത്തേക്ക് പോകുന്നതിനു കോടതി അനുമതി നല്‍കി. എറണാകുളം അഡീ. സെഷന്‍സ് ജഡ്ജി ബിജു മേനോനാണ് ഏപ്രില്‍ 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.

 

വിദേശത്തേക്ക് പോകുന്നതിന് അനുമതി തേടിയും പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിക്കുകയായിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ശേഷം രണ്ടാം തവണയാണ് ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടപടികള്‍ക്കായി കേസ് മേയ് 21 നു വീണ്ടും പരിഗണിക്കും.

 

നേരത്തേ, ദുബായില്‍ ‘ദേ പുട്ടിന്റെ’ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വേണ്ടിയായിരുന്നു ദീലീപിന്റെ വിദേശയാത്ര. റസ്റ്ററന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു. ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നു റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര.

 

ദിലീപിന് ദുബായില്‍ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്ററന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്‌റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

 

ദിലീപിന്റെ ജയില്‍വാസം നീണ്ടുപോയതോടെ വന്‍ തുക ചെലവിട്ട് ഒരുക്കിയ റസ്റ്ററന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കള്‍ക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്.