ഹര്‍ത്താലുകാര്‍ പൊലീസിനെ ഓടിച്ചത് തക്ബീര്‍ വിളികളുമായി; നടു റോഡില്‍ തീയിട്ട് യാത്രക്കാരുടെ മതം നോക്കി അക്രമിച്ചു; ഹിന്ദുമത ചിഹ്നനങ്ങളെ പരസ്യമായി അധിക്ഷേപിച്ചു; ഇന്നലത്തെ ഹര്‍ത്താല്‍ കലാപശ്രമത്തിനുള്ള ട്രയല്‍ റണ്ണെന്ന് പൊലീസ്, കേന്ദ്രസേനയെ ഇറക്കണമെന്ന് ബിജെപി

Date : April 17th, 2018

പോപ്പുലര്‍ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മത മൗലികവാദി സംഘടനകളുടെ പിന്തുണയോടെ നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ കലാപ സമാനമായ സാഹചര്യമാണ് മലബാര്‍ മേഖലയില്‍ സൃഷ്ടിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. കലാപശ്രമത്തിനുള്ള ട്രയല്‍ റണ്ണാണ് ഇന്നലെ പോപ്പുലര്‍ഫ്രണ്ട് നടത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇത്തരം ഒരു സംഘടിത നീക്കം മുന്‍കൂട്ടിമനസിലാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനായില്ലന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരത്ത് സമരക്കാരെ പിരിച്ചു വിടാന്‍ എത്തിയ പോലീസിനെ തക്ബീര്‍ വിളികളുമായാണ് പ്രതിഷേധക്കാര്‍ നേരിട്ടത്. ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് തീവ്രസ്വഭാവമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വാഹന യാത്രക്കാരുടെ പേര് ചോദിച്ചായിരുന്നു പലയിടത്തും അക്രമം നടന്നത്. നടു റോഡില്‍ തീയിട്ടും സമരക്കാര്‍ ജനങ്ങളെ ഭയചകിതരാക്കി. ഹിന്ദു ദേവീ ദേവന്മാരെ അധിക്ഷേപിച്ചു തെരുവുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം വര്‍ഗീയ കലാപത്തിനുള്ള കോപ്പുകൂട്ടലായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതോടെയാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ്‌നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നതായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തള്ളി സിപിഎം നേരത്തെ രംഗത്ത് വന്നിരുന്നു. നവ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംഘടനകളില്ലാത്ത സമരങ്ങള്‍ അംഗീകരിക്കാനാകില്ല . കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ ചിലര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നുണ്ടെന്നും കൊടിയേരി ആരോപിച്ചു.

സമൂഹ മാധ്യമങ്ങള്‍ വഴി ഒരു കൂട്ടം മത തീവ്രവാദികള്‍ മലബാര്‍ ഭാഗത്തു നടത്തിയ ഹര്‍ത്താല്‍ മായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമം അഴിച്ചുവിട്ടത് പോലീസിന്റെ കണ്മുന്നിലാണ്.

ഹര്‍ത്താലനുകൂലികള്‍ക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു പറഞ്ഞു.അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ആക്രമണം അഴിച്ചുവിട്ട തിരൂര്‍, താനൂര്‍ ഭാഗങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് സന്ദര്‍ശനം നടത്തും. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കേരള പൊലീസിന് സാധിക്കാത്തതിനാല്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് ബിജെപി സംസ്ഥാന േനതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.