പോലീസോ ക്രിമിനല്‍ സംഘമോ? ശ്രീജിത്തിനെ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്നെന്നു സംശയം; മൂന്നാം മുറയ്ക്കായി ആയുധം ഉപയോഗിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

Date : April 17th, 2018

വരാപ്പുഴ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെടുന്നു. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം മുറയ്ക്ക് വേണ്ടി ആയുധം ഉപയോഗിച്ചതായിട്ടാണ് പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നത്.

 

കൊല്ലപ്പെട്ട ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ചതവുണ്ടായിരുന്നു. ഇവ രണ്ടും ഒരേപോലുള്ളതാണ്. ലാത്തി പോലെയുള്ള ഉരുണ്ട വസതു ഉപയോഗിച്ച് ഉരുട്ടിയെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇതു പരമാര്‍ശിക്കുന്നത്.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പേജിലെ 17, 18 ഖണ്ഡികകളിലായാണ് ഇതു പറയുന്നത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ ഒമ്പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലാണ് മര്‍ദ്ദനം നടന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനുമാനമുണ്ട്. കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം ക്രൈംബ്രാഞ്ച് സംഘം എടുത്തിട്ടുണ്ട്. മര്‍ദനത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്.

 

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു നിര്‍ണായകമൊഴികളലെ െവെരുധ്യവും അന്വേഷണസംഘത്തെ കുഴക്കുന്നു. ശ്രീജിത്തിന്റെ ഭാര്യയുടെയും സുഹൃത്ത് വിനീഷിന്റെ മൊഴികളില്‍ െവെരുധ്യമുണ്ട്. ശ്രീജിത്തിനെ പോലീസ് പിടികൂടുന്നത് രാത്രിയിലാണ്. ഒപ്പം ജോലിക്കുപോകാന്‍ ശ്രീജിത്തിനെ അന്വേഷിച്ച് അന്നു രാവിലെ വീട്ടില്‍ ചെന്നെങ്കിലും കണ്ടില്ലെന്നാണ് അന്വേഷണസംഘമേധാവി ഐ.ജി. എസ്. ശ്രീജിത്തിനു വിനീഷ് നല്‍കിയ മൊഴി. എന്നാല്‍ ശ്രീജിത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. ഇക്കാര്യം വിനീഷിനോട് വീട്ടുകാര്‍ പറഞ്ഞിട്ടില്ല.

 

പോലീസ് കസ്റ്റഡിയിലെടുത്ത അന്നുരാത്രി ശ്രീജിത്ത് വീടിന്റെ വരാന്തയിലാണ് ഉറങ്ങിയത്. സഹോദരന്‍ സജിത്ത് വീടിന്റെ അകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. സജിത്ത് ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ഇയാളുടെ വീട് മഫ്തി പോലീസിനു നാട്ടുകാര്‍ കാണിച്ചുകൊടുത്തത്. ഇരുവരെയും രാത്രിയിലും പകല്‍ ഉച്ചവരെയും വരാപ്പുഴ സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അവധിയിലായിരുന്ന എസ്.ഐ. ദീപക്കും സ്‌റ്റേഷനിലെത്തിയിരുന്നു. ദീപക്കും പോലീസുകാരും മേശമേല്‍ കിടത്തി പലരെയും മര്‍ദിച്ചതായി സജിത്ത് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

 

പോലീസ് പിടികൂടിയ 10 പ്രതികളെയും വീട് ആക്രമണത്തിന് ഇരയായവര്‍ സ്‌റ്റേഷനില്‍ എത്തി തിരിച്ചറിഞ്ഞ ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുവാന്‍ പറവൂരിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ എട്ടിന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. മര്‍ദനമേറ്റതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പോയി മുന്‍സിഫ് മൊഴി എടുക്കുമ്പോള്‍ ശ്രീജിത്ത് ഗുരുതരാവസ്ഥയിലായിരുന്നു.

 

പോലീസ് ആദ്യം തയാറാക്കിയ പ്രതിപ്പട്ടികയിലും ശ്രീജിത്ത് ഉണ്ടായിരുന്നില്ല. കസ്റ്റഡി മരണം സംബന്ധിച്ച് പോലീസ് കേസെടുത്തെങ്കിലും അത് ആര്‍ക്കൊക്കെ എതിരേയാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഇതു കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.