കലാഭവന്‍ മണിയുടെ അനുജനോടും മലയാള നടിമാര്‍ക്ക് അയിത്തം; ‘തീറ്റ റപ്പായി’യില്‍ അഭിനയിക്കാന്‍ പകരമെത്തിയത് സോണിയ അഗര്‍വാള്‍; ആര്‍എല്‍വി രാമകൃഷ്ണന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

Date : May 8th, 2018

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യ വേഷത്തിലെത്തുന്ന തീറ്റ റപ്പായിയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ നായികമാര്‍ വിസമ്മതിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍. വിനയന്റെ അസോസിയേറ്റായിരുന്ന വിനു രാമകൃഷ്ണന്റെ കന്നി സംരംഭമാണു തീറ്റ റപ്പായി. നേരത്തേ കലാഭവന്‍ മണിയെ നായകനാക്കി നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് അനുജനിലേക്ക് എത്തിയത്. അന്നു നിശ്ചയിച്ച നടിമാര്‍ പിന്മാറിയതോടെയാണു തമിഴിലെ സോണിയാ അഗര്‍വാളിനെ നായികയാക്കിയതെന്നും വിനു പറയുന്നു.

 

തൃശൂര്‍ക്കാരനായിരുന്ന തീറ്ററപ്പായിയെന്ന റപ്പായി ചേട്ടന്റെ ജീവിതവുമായി സിനിമയ്ക്കു ബന്ധമില്ലെന്നു സംവിധായകന്‍ പറഞ്ഞു. വിനയന്റെ കാട്ടുചെമ്പകത്തില്‍ അസി. ഡയറക്ടറായിരിക്കുമ്പോഴാണ് കലാഭവന്‍ മണിയോട് തീറ്ററപ്പായിയുടെ കഥ പറഞ്ഞതെന്നും മണി ചെയ്യാന്‍ തീരുമാനിച്ച കഥാപാത്രമാണ് തീറ്ററപ്പായിയെന്നും വിനു രാമകൃഷ്ണന്‍ പറഞ്ഞെന്ന് പ്രമുഖ സിനിമാ വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു.

theetta-rappai കലാഭവന്‍ മണിയുടെ അനുജനോടും മലയാള നടിമാര്‍ക്ക് അയിത്തം; 'തീറ്റ റപ്പായി'യില്‍ അഭിനയിക്കാന്‍ പകരമെത്തിയത് സോണിയ അഗര്‍വാള്‍; ആര്‍എല്‍വി രാമകൃഷ്ണന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി
 

ഹരീഷ് പേരടി, കലിംഗ ശശി, മന്‍രാജ്, ബാബു നമ്പൂതിരി, സായികുമാര്‍, ശിവജി ഗുരുവായൂര്‍, സന്തോഷ് എരുമേലി, വിനു വിക്രമന്‍, അനിരുദ്ധന്‍, പ്രശാന്ത്, സുധി, സോണിയ അഗര്‍വാള്‍, കെ.പി.ഏ.സി. ലളിത, ഐശ്വര്യ, കുളപ്പുള്ളി ലീല, വത്സലാമേനോന്‍, പ്രകൃതി ആര്‍ച്ച, ഇന്ദുലേഖ എന്നിവരാണ് മറ്റ് താരങ്ങള്‍ തമിഴ്‌സിനിമയിലെ ശ്രദ്ധേയനായ താരം ഗഞ്ചാ കറുപ്പ് തീറ്ററപ്പായിയില്‍ മുത്തുസ്വാമിയെന്ന കഥാപാത്രമായി വേഷമിടുന്നു. വടക്കാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.

 

ചിത്രത്തിന്റെ കഥാവഴിയിലൂടെ: കേരളത്തിലെ തീറ്റമത്സരങ്ങളിലെ സ്ഥിരം ജേതാവാണ് തീറ്ററപ്പായി. തീറ്റ മതസരങ്ങളില്‍ വിജയശ്രീലാളിതനെങ്കിലും സ്വന്തം വയറ് നിറയ്ക്കാന്‍ റപ്പായിക്ക് ഒരുപാട് പ്രയാസപ്പെടേണ്ടി വരുന്നു. ചെറുപ്പത്തില്‍ അമ്മ വയറ് നിറയെ ഭക്ഷണം നല്‍കി ലാളിച്ച റപ്പായിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ ഒരുപാട് അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചെങ്കിലും തന്റെ കുഞ്ഞനിയത്തി മേരിക്കുഞ്ഞും അപ്പന്റെ രണ്ടാംഭാര്യ ഏലിയാമ്മയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. റപ്പായിയുടെ തീറ്റ മൂലം കുഞ്ഞനുജത്തി മേരിക്കുഞ്ഞിന്റെ വിവാഹം ഏഴുതവണയാണ് മുടങ്ങിയത്.

 

തീറ്ററപ്പായിയുടെ മനസിലും ഒരു പ്രണയമുണ്ടായിരുന്നു. കളിക്കൂട്ടുകാരിയായ കൊച്ചുത്രേസ്യ കിടപ്പിലായ അമ്മയും കണ്ണുകാണാത്ത സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് കൊച്ചുത്രേസ്യ. പാറമടയില്‍ പണിയെടുത്താണ് കൊച്ചുത്രേസ്യ കുടുംബം പോറ്റുന്നത്. തന്റെ വയറിന്റെ വിശപ്പ് പോലും മാറ്റാന്‍ കഴിയാത്ത റപ്പായി കൊച്ചുത്രേസ്യയെ മനസ്സില്‍നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും കഴിയുന്നില്ല. തീറ്ററപ്പായിയുടെയും കൊച്ചുത്രേസ്യയുടെയും മൗനത്തിലുള്ള പ്രണയജീവിതത്തിലേക്ക് ഗ്രാമത്തിലെ ധനാഢ്യനായ കരിം സാഹിബും സഹായിയായ തൊമ്മിയും എത്തുന്നതോടെ തീറ്ററപ്പായിയുടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.