തളര്‍ന്നു കിടന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ലക്ഷങ്ങള്‍ക്കായി കടിപിടിയില്‍; ജിഷയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിന്റെ പേരില്‍ അമ്മയും സഹോദരിയും തമ്മില്‍ അടി; ഇരുവരെയും ഒഴിവാക്കി പാപ്പു നോമിനിയാക്കിയത് അയല്‍വാസിയെ!

Date : May 9th, 2018

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തെച്ചൊല്ലി കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മ രാജേശ്വരിയും മൂത്തമകള്‍ ദീപയും തമ്മില്‍ തര്‍ക്കം. പാപ്പുവിന്റെ അക്കൗണ്ടിലുള്ള 4,32,000 രൂപയ്ക്കാണ് ഇരുവരും അവകാശം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ആറുമാസം മുമ്പു മരിച്ച പാപ്പു തന്റെ അക്കൗണ്ടിന് നോമിനിയാക്കി വച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ അയല്‍വാസി സരോജനിഅമ്മയെ ആണ്.

 

 

നിയമ വിദ്യാര്‍ഥിനിയുടെ മരണത്തേത്തുടര്‍ന്നു കുടുംബത്തിന് ലഭിച്ച പണത്തെ ചൊല്ലി രാജേശ്വരിയും ദീപയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഈ പ്രശ്‌നങ്ങള്‍ കടുത്തതോടെ മുടക്കുഴയില്‍ സര്‍ക്കാര്‍ പണിതുനല്‍കിയ വീട്ടില്‍നിന്നും കുറച്ചുനാള്‍ മുമ്പ് ദീപയുമായി വഴക്കിട്ടിറങ്ങിയ രാജേശ്വരി കുടുംബ സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടയില്‍ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ദീപ ശ്രമിച്ചിരുന്നു. ഇതിനായി പാപ്പുവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയ ദീപ അപേക്ഷ സഹിതം ഓടക്കാലിയിലെ എസ്.ബി.ഐ ബാങ്കില്‍ നല്‍കി.

 

 

എന്നാല്‍ ഇതറിഞ്ഞ രാജേശ്വരി ദീപയ്‌ക്കെതിരേ പെരുമ്പാവൂര്‍ ഡിെവെ.എസ്.പി മുമ്പാകെ പരാതി നല്‍കി. ഭര്‍ത്താവിന്റെ സ്വത്ത് തനിക്കുമാത്രം അവകാശപ്പെട്ടതാണെന്നാണു രാജേശ്വരി പരാതിയില്‍ ഉന്നയിക്കുന്നത്. കടുത്ത രോഗങ്ങളെത്തുടര്‍ന്നു മൂന്നു മാസത്തോളം അവശനിലയില്‍ കഴിഞ്ഞിരുന്ന പാപ്പു വീടിന് സമീപത്തെ റോഡരികില്‍ തളര്‍ന്നുവീണ് മരിക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടയില്‍ എസ്.ബി.ഐ ഓടക്കാലി ശാഖയുടെ പാസ്ബുക്ക് ലഭിച്ചപ്പോഴാണ് അക്കൗണ്ടിലുള്ള തുകയെക്കുറിച്ചു പുറത്തറിയുന്നത്. അംബേദ്ക്കര്‍ ഫൗണ്ടേഷനാണ് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പാപ്പുവിന് നല്‍കിയത്.

 

 

ഇതില്‍നിന്നു പല തവണ പാപ്പു പണം പിന്‍വലിച്ചിട്ടുണ്ട്. ധനസഹായം ലഭിച്ച വിവരമോ തന്നെ നോമിനിയാക്കിയ വിവരമോ പാപ്പു പറഞ്ഞിരുന്നില്ലെന്നും അധികാരപ്പെട്ടവര്‍ തീരുമാനിക്കുന്നതു പ്രകാരം പണം എടുത്ത് നല്‍കാന്‍ തയാറാണെന്നും നോമിനിയായി ചേര്‍ത്തിട്ടുള്ള സരോജിനിയമ്മ പറഞ്ഞു.