കീര്‍ത്തി, ഇത് ആദ്യാവസാനം നിന്റെ സിനിമ; പ്രേക്ഷകര്‍ നിനക്കൊപ്പം കരഞ്ഞു, ചിരിച്ചു; മഹാനടിയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് ദുല്‍ഖര്‍

Date : May 12th, 2018

എല്ലാവര്‍ക്കും നന്ദി! മഹാനടിക്ക് നല്‍കിയ സ്നേഹത്തിന്. മഹാനടിയുടെ വിജയത്തില്‍ സന്തോഷം പങ്കു വച്ച് ദുല്‍ഖര്‍ സല്‍മാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ. ചിത്രം പ്രദര്‍ശനത്തിനെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നായികമാരില്‍ സൂപ്പര്‍താരപദവിയിലെത്തിയ സാവിത്രിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേഷനായി ദുല്‍ഖറുമാണ് വേഷമിടുന്നത്.

 

തന്‍റെ വേഷം ചെറുതോ വലുതോ എന്നതിന് പ്രസക്തിയില്ല. ചിത്രത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നു. ഒരിക്കലും മറക്കാനാകാത്ത സംഭാഷണങ്ങളും സീനുകളുമാണ്് ചിത്രം തനിക്ക് സമ്മാനിച്ചത്. അതില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഈ അവസരം തന്നതിന് മഹാനടി ടീമിനോട് താരം നന്ദി അറിയിക്കുന്നുമുണ്ട്.

 

തന്‍റെ പ്രശംസ മുഴുവന്‍ നായിക കീര്‍ത്തി സുരേഷിനാണ് ദുല്‍ഖര്‍ നല്‍കുന്നത്. ‘ആദ്യാവസാനം മുതല്‍ ഇത് നിന്‍റെ സിനിമയാണ്. നീ പകര്‍ത്തിയത് സാവിത്രിയുടെ ജീവിതമാണ്. സാവിത്രിയുടെ ജീവിതത്തിലെ ഓരോ ഘട്ടവും നീ ജീവിക്കുകയായിരുന്നു. പ്രേക്ഷകര്‍ നിനക്കൊപ്പം കരയുകയും ചിരിക്കുകയും പ്രണയിക്കുകയും ചെയ്തു..’ കീര്‍ത്തിയെ പ്രശംസിച്ച് ദുല്‍ഖര്‍ കുറിച്ചു. സംവിധായകന്‍ നാഗ് അശ്വിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും ദുല്‍ഖര്‍ അഭിനന്ദിക്കുന്നുണ്ട്.

 

ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി. ദുൽഖറിനും വാനോളം പ്രശംസയാണ് ലഭിക്കുന്നത്. രാജമൌലി അടക്കമുള്ളവർ ദുൽഖറിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. താന്‍ ഇപ്പോള്‍ ദുല്‍ഖറിന്‍റെ ആരാധകനായെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം . ചിത്രത്തിന്‍റെ തെലുങ്ക്–തമിഴ് പതിപ്പുകള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും ദുല്‍ഖറിനെയും കീര്‍ത്തിയെയും വാഴ്ത്തി രംഗത്തെത്തിയിരുന്നു.