‘ചൊവ്വാഴ്ച ഡല്‍ഹിക്ക്, മോഡിയെ ക്ഷണിക്കും, സത്യപ്രതിജ്ഞ 17ന്’; അണികളെയും എതിരാളികളെയും ഞെട്ടിച്ച് യെദ്യൂരപ്പ

Date : May 12th, 2018

കര്‍ണാടകയില്‍ പോരാട്ടം കടുത്തതാണെങ്കിലും സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് സ്വന്തം അണികളെയടക്കം ഞെട്ടിച്ച് ബിഎസ് യെഡിയൂരപ്പ. ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം മെയ് 17ന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം.

 

ഫലം വരുന്ന 15ന് ഞാന്‍ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റും സത്യപ്രതിജ്ഞക്ക് ക്ഷണിക്കും. പാര്‍ട്ടി 145–150 സീറ്റുകള്‍ നേടും– അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം താന്‍ പ്രചാരണം നടത്തിയെന്നും 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു.

 

കര്‍ണാടകയില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. ആദ്യ മൂന്ന് മണിക്കൂറിനോട് അടുക്കുമ്പോള്‍ പത്തു ശതമാനത്തിലേറെപ്പേര്‍ വോട്ടുചെയ്തു. ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയത് ഒഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമാണ്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെഡിയൂരപ്പ ശിഖാരപുരയില്‍ വോട്ടുചെയ്തു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പുട്ടൂരില്‍ വോട്ടു രേഖപ്പെടുത്തി. ഹസനിലെ പോളിങ് ബൂത്തില്‍ കുടുംബസമേതമെത്തി ദേവഗൗഡയും വോട്ടുചെയ്തു. 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. വോട്ടെണ്ണല്‍ 15നാണ്.

 

കര്‍ണാടകയില്‍ എല്ലാ വോട്ടര്‍മാരും വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി ട്വിറ്ററിലൂടെ നേതാക്കള്‍. ജനാധിപത്യത്തിന്റെ ഉല്‍സവത്തില്‍ യുവജനങ്ങള്‍ പങ്കാളിയാകണമെന്ന് നേപ്പാളിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. യുവജനങ്ങള്‍ വോട്ടുചെയ്യാന്‍ മുന്നോട്ടുവരമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

 

ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് രാജരാജേശ്വരി നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. 2013നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ്.

 

ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ ഏഴിടത്ത് എം–3 മോഡൽ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യന്ത്രത്തിൽ എന്തെങ്കിലും ക്രമക്കേടു നടന്നാൽ തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ മോഡൽ.