പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി; പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഡല്‍ഹിക്ക്; മുന്നില്‍നിന്ന് നയിച്ച് കോഹ്ലി (വീഡിയോ ഹൈലൈറ്റ്‌സ്)

Date : May 13th, 2018

ഐപിഎല്‍ സീസണ്‍ പതിനൊന്നില്‍ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്. സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 5 വിക്കറ്റിനാണ് ശ്രേയസ് അയ്യരും കൂട്ടരും തോറ്റത്. ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ബാംഗ്ലൂരിനായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 40 പന്തില്‍ 70 റണ്‍സ് നേടി അടിത്തറയിട്ടപ്പോള്‍ എ.ബി.ഡിവില്യേഴ്‌സ് (72) മികച്ച ഇന്നിംഗ്‌സുമായി ജയം പൂര്‍ത്തിയാക്കി. സ്‌കോര്‍ ഡെല്‍ഹി 181-4, ബാംഗ്ലൂര്‍ 187-5

 

രണ്ടാം ഓവറില്‍ തന്നെ മോയീന്‍ അലിയെയും (1), മൂന്നാം ഓവറില്‍ പാര്‍ഥീവ് പട്ടേലിനെയും (6) നഷ്ടപ്പെട്ട ശേഷം ഒത്തുചേര്‍ന്ന വിരാട്- ഡിവില്യേഴ്‌സ് സഖ്യമാണ് ബാംഗ്ലൂരിനെ കളിയിലേക്ക് തിരികെയെത്തിച്ചത്. 40 പന്തില്‍ മൂന്നു സിക്‌സറുകള്‍ ഉള്‍പ്പെടെയായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്. നേപ്പാളിന്റെ പതിനേഴുകാരന്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരുവിക്കറ്റെടുത്തു. ഐപിഎല്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരമാണ് സന്ദീപ്.

 

തകര്‍ച്ചയോടെയായിരുന്നു ഡെല്‍ഹിയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള പൃഥ്വി ഷായെ രണ്ടു റണ്‍സെടുത്ത് നഷ്ടമായി. യൂഷ്‌വേന്ദ്ര ചഹാലിനായിരുന്നു വിക്കറ്റ്. തന്റെ രണ്ടാം ഓവറില്‍ ജേസണ്‍ റോയിയെയും (12) ചഹാല്‍ വീഴ്ത്തി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും പന്തും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 109 റണ്‍സെത്തിയപ്പോള്‍ 32 റണ്‍സെടുത്ത ശ്രേയസ് പുറത്ത്. മുഹമ്മദ് സിറാജാണ് ക്യാപ്റ്റനെ വീഴ്ത്തിയത്.

 

തകര്‍പ്പന്‍ ഫോമിലായിരുന്ന പന്ത് അര്‍ധസെഞ്ചുറിയും കടന്ന് മുന്നേറുന്നതിനിടെ മോയീന്‍ അലിക്കു മുന്നില്‍ വീണു. 34 പന്തില്‍ നാലു സിക്‌സറും അഞ്ചു ബൗണ്ടറിയുമടക്കം 61 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.വിജയ് ശങ്കറും അഭിഷേക് ശര്‍മയും ഉത്തരവാദിത്വത്തോടെ ബാറ്റു വീശിയപ്പോള്‍ ഡെല്‍ഹി മികച്ച സ്‌കോറിലെത്തി. അരങ്ങേറ്റം കുറിച്ച അഭിഷേക് ശര്‍മയാണ് പന്ത് കഴിഞ്ഞാല്‍ ഡെല്‍ഹിക്കായി സംഭാവന നല്കിയ മറ്റൊരു താരം. 19 പന്തില്‍ 46 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.