റേഷന്‍ കടകള്‍ അടിമുടി പരിഷ്‌കരിക്കാന്‍ പിണറായി സര്‍ക്കാര്‍; കരിഞ്ചന്ത തടയും; റേഷനരി പായ്ക്കറ്റില്‍; കടകള്‍ നവീകരിക്കും; വ്യാപാരികള്‍ക്കും നേട്ടം; ഉദ്യോഗസ്ഥ തട്ടിപ്പും തീരും

Date : May 13th, 2018

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി പരിഷ്‌കാരത്തിലേക്ക്് എത്തിക്കാന്‍ സര്‍ക്കാര്‍. റേഷനരി പാക്കറ്റില്‍ വിതരണം ചെയ്യുന്നതുമുതല്‍ കടകളുടെ നവീകരണംവരെ വമ്പന്‍ പദ്ധതിക്കാണു ഭക്ഷ്യ വകുപ്പ് പദ്ധതിയൊരുക്കുന്നത്. കേന്ദ്ര ഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവടുപിടിച്ചുള്ള മാറ്റത്തില്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സാമ്പത്തികലാഭവും ലക്ഷ്യമിടുന്നു.

 

ഇപോസ് മെഷീന്‍ വഴി ഭക്ഷ്യധാന്യവിതരണം ആരംഭിച്ചതോടെ കടകളിലെ തിരിമറി തടയാനായി. എങ്കിലും ഗോഡൗണുകളില്‍നിന്ന് പൊതുവിപണിയിലേക്കുള്ള ചോര്‍ച്ച തുടരുകയാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് (എഫ്.സി.ഐ) സപ്ലൈകോ ഏറ്റെടുത്ത് ഗോഡൗണുകളിലെത്തിക്കുന്ന ചാക്കരി ഉദ്യോഗസ്ഥരും തൊഴിലാളികളും കുത്തിയെടുക്കുകയാണ് പതിവ്. ഇതോടെ കടകളിലെത്തുന്ന ഓരോ ചാക്കിലും രണ്ടുമുതല്‍ നാലുകിലോ കുറവുണ്ടാകുമെന്നാണ് വ്യാപാരികളുടെ പരാതി.

 

ഭക്ഷ്യഭദ്രത നിയമപ്രകാരം ഗോഡൗണില്‍ വ്യാപാരിക്ക് മുന്നില്‍ ചാക്കുകളുടെ തൂക്കം ഉറപ്പുവരുത്തണമെന്നാണ് ചട്ടമെങ്കിലും ഭൂരിഭാഗം ഗോഡൗണുകളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൊഴിലാളികളുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ നിരവധി പരാതികളാണ് ഭക്ഷ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും റേഷന്‍ വ്യാപാരി സംഘടനകള്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ അരി പാക്കറ്റുകളിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പാക്കറ്റിലൂടെ ആട്ട വിതരണം ചെയ്യുന്ന മാതൃകയിലാകും അരി വിതരണവും.

 

പ്രതിമാസം 11.80 ലക്ഷം കിന്റല്‍ അരിയാണ് 80,24,449 കാര്‍ഡുടമകള്‍ക്ക് എഫ്.സി.ഐയില്‍ എത്തുന്നത്. സപ്ലൈകോ പണം അടച്ചശേഷം എഫ്.സി.ഐയില്‍നിന്ന് മില്ലുടമകള്‍ നേരിട്ട് അരി ഏറ്റെടുക്കണം. ഇവര്‍ മില്ലുകളില്‍ എത്തിച്ച് വൃത്തിയാക്കി 10, അഞ്ച്, രണ്ട്, ഒന്ന് കിലോ പാക്കറ്റാക്കി ‘ബ്രാന്‍ഡഡ് അരി’യായി റേഷന്‍ കടകളിലെത്തിക്കും. ഇതോടെ കൃത്യമായ തൂക്കത്തില്‍ അരി വ്യാപാരിക്ക് മുന്നിലെത്തും.

 

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളും (നോണ്‍ മാവേലി) ശബരി ഉല്‍പന്നങ്ങളും സപ്ലൈകോ നിരക്കില്‍ റേഷന്‍കട വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. വേതനപാക്കേജില്‍ അതൃപ്തരായ വ്യാപാരികള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗമാണ് ലക്ഷ്യം.

 

റേഷന്‍ കടയുടെ ഷട്ടറിന് ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങള്‍ ശ്രേണിയായി നല്‍കാനും ലൈസന്‍സിക്ക് ഫോട്ടോ പതിപ്പിച്ച ഐ.ഡി കാര്‍ഡ് നല്‍കാനുമുള്ള നടപടി അന്തിമഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ തളാപ്പിലെ എ.ആര്‍.ഡി 121 കടയാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്.

 

പദ്ധതി വിജയിച്ചാല്‍ ലക്ഷങ്ങള്‍ വാടക കൊടുക്കുന്ന ഗോഡൗണുകളില്‍ ഭൂരിഭാഗവും ഒഴിവാക്കാം. മാത്രമല്ല വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും വേണ്ട. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മില്ലുടമകളുമായി ഭക്ഷ്യവകുപ്പിന്റെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി.