റൊണാള്‍ഡോയും സെര്‍ജിയോയും ഇല്ലാതെ റയാലിനു വന്‍ വിജയം; തോല്‍വി വഴങ്ങി ഇന്ററും പിഎസ്ജിയും

Date : May 13th, 2018

ലാ ലി​ഗയിൽ കരുത്തരായ റയൽ മഡ്രിഡിന് വൻജയം. സ്വന്തം മൈതാനമായ സാന്റിയാ​ഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സെൽറ്റ ഡി വി​ഗോയെ എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് റയൽ തുരത്തിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, സെർജിയോ റാമോസ് എന്നിവർക്ക് വിശ്രമമനുവദിച്ചാണ് സിദാൻ സെൽറ്റയ്ക്കെതിരെ ടീമിനെ അണിനിരത്തിയത്.

 

മത്സരത്തിന്റെ 13-ാം മിനിറ്റിൽ ​ഗാരത് ബെയിലിലൂടെ റയൽ മുന്നിലെത്തി. 30-ാം മിനിറ്റിൽ ബെയിൽ തന്നെ റയലിന്റെ ലീഡുയർത്തി. രണ്ട് മിനിറ്റുകൾക്ക് ശേഷം ഇസ്കോ റയലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതയിലും റയലിന്റെ ആധിപത്യമായിരുന്നു കാണാനായത്, 52-ാം മിനിറ്റിൽ മൊറോക്കൻ താരം അഷ്റഫ് ഹക്കിമി നാലാം ​ഗോൾ നേടി. 74-ാം മിനിറ്റിൽ സെൽറ്റയുടെ തന്നെ സെർജി ​ഗോമസ് സ്വന്തം വലയിലേക്ക് പന്തെത്തിച്ച് റയലിന് സഹായം ചെയ്തും. 81-ാം മിനിറ്റിൽ ടോണി ക്രൂസിലൂടെ റയൽ ​ഗോൾപട്ടിക പൂർത്തിയാക്കി.

 

സെരി എയിൽ സ്വന്തം മൈതാനത്ത് അപ്രതീക്ഷിത തോൽവിയാണ് ഇന്റർ മിലാൻ വഴങ്ങിയത്. സസ്സോളോയാണ് ഇന്ററിനെ ഒന്നിനെതിരെ രണ്ട് ​ഗോളിന് ഞെട്ടിച്ചത്.മറ്റേവോ പോളിറ്റാനോ,ഡൊമെനിക്കോ ബെരാർഡി എന്നിവരാണ് ​സസ്സോളോയ്ക്കായി ​ഗോൾ നേടിയത്. 80-ാം മിനിറ്റിൽ റാഫീന്യ ഇന്ററിന്റെ ആശ്വാസ ​ഗോൾ നേടിയത്. ഫ്രഞ്ച് ലീ​ഗിൽ, സ്വന്ത് മൈതാനത്ത് പി.എസ്.ജിയും അപ്രതീക്ഷിത തോൽവി വഴങ്ങി. റെന്നെയാണ് എതിരില്ലാത്ത രണ്ട് ​ഗോളിന് പി.എസ്.ജിയെ തോൽപ്പിച്ചത്.