അടുപ്പിച്ചു രണ്ടു വിജയങ്ങള്‍; ഉദിച്ചുയര്‍ന്ന് ആര്‍സിബി; പഞ്ചാബിനെതിരേ അനായാസ ജയം (വീഡിയോ ഹൈലൈറ്റ്‌സ്)

Date : May 15th, 2018

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം. കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ പത്തു വിക്കറ്റുകള്‍ക്കാണ് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 88 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 3 വിക്കറ്റുകള്‍ പിഴുത ഉമേഷ് യാദവാണ് പഞ്ചാബ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

 

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. വിരാട് കോഹ്ലി 48 റണ്‍സെടുത്തും പാര്‍ത്ഥിവ് പട്ടേല്‍ 40 റണ്‍സെടുത്തും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിരയില്‍ ആരോണ്‍ ഫിഞ്ച് (26), കെ എല്‍ രാഹുല്‍ (21), ക്രിസ് ഗെയ്ല്‍ (18) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

 

കരുണ്‍ നായര്‍ (1), മാര്‍ക്കസ് സ്റ്റോയിനിസ് (2), മായങ്ക് അഗര്‍വാള്‍ (2), അശ്വിന്‍ (0), ആന്‍ഡ്ര്യൂ ടൈ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിന് വേണ്ടി യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് യാദവിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.