കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധന വിലയും കൂടി; ഡല്‍ഹിയില്‍ ഡീസല്‍ വില സര്‍വകാല റെക്കോഡില്‍; 500 കോടി പോയതു നികത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി

Date : May 15th, 2018

ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ പെട്രോളിനും ഡീസലിനും വിലയുയര്‍ത്തി. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിനു 17 പൈസയും ഡീസലിന് 23 പൈസയുമാണു കൂട്ടിയത്. വീണ്ടും ഇന്ന് പെട്രോളിനു 16 പൈസയും ഡീസലിന് 23 പൈസയും ഉയര്‍ത്തും. ഇതോടൈ ആകെ വില യഥാക്രമം 77.80, 70.91 എന്ന നിലയിലെത്തും.

 

തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 24 പൈസ കൂടി 78.81 രൂപയും ഡീസലിന് 29 പൈസ കൂടി 71.78 രൂപയിലുമെത്തി. കോഴിക്കോട് 77.86 രൂപയും ഡീസലിന് 70.91 രൂപയുമായി. രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടയ്ക്കു കൂടിയെങ്കിലും കഴിഞ്ഞയാഴ്ചത്തെ 78 ഡോളറില്‍നിന്ന് 76.73 ലേക്കു താഴ്ന്നിരുന്നു.

 

കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണു കഴിഞ്ഞമാസം 24നു വിലവര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ മാറ്റം. അസംസ്‌കൃത എണ്ണ വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വില ഇനിയും വര്‍ധിക്കുമെന്നാണു സൂചന.

 

ഡല്‍ഹിയില്‍ പെട്രോള്‍ വില 74.80 എത്തി. ഡീസലിന് 66.14 രൂപയാണ്. ഡീസല്‍ വില സര്‍വകാല റെക്കോഡിലെത്തി. മുംബൈയില്‍ പെട്രോളിന് 82.65 രൂപയും ഡീസലിന് 70.43 രൂപയുമായി. മൂന്നാഴ്ച വില മരവിപ്പിച്ചതിനെത്തുടര്‍ന്ന് 500 കോടിയുടെ നഷ്ടമുണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ ആരോപണം. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനൊപ്പം രൂപയുടെ മൂല്യവും ഇടിഞ്ഞതു വിനയായി. ഇതിനു മുമ്പ് ഏപ്രില്‍ 24നാണു വില കൂടിയത്. വില മരവിപ്പിച്ചു നിര്‍ത്തിയ സമയത്തു നാലു ഡോളറിലേറെ കൂടിയെങ്കിലും ഒരു ഡോളര്‍ കുറഞ്ഞു.

 

കഴിഞ്ഞ വര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പും വിലക്കയറ്റം മരവിപ്പിച്ചു നിര്‍ത്തിയിരുന്നു. വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ വില ഉയര്‍ത്തുകയും ചെയ്തു.