സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം: സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷന്റെ കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി; അന്വേഷണം തുടരും

Date : May 15th, 2018

കൊച്ചി : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്റെ കണ്ടെത്തലുകൾ ഹൈക്കോടതി റദ്ദാക്കി. ലൈം​ഗികാരോപണങ്ങൾ കമ്മീഷന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും ഹൈക്കോടതി വിധിച്ചു.

 

അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും, ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സോളാർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാ​ഗമാക്കിയ കമ്മീഷൻ, സർക്കാർ ഏൽപ്പിച്ച പരി​ഗണനാ വിഷയങ്ങൾ മറികടന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ ആക്ഷേപം.

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു സോളാര്‍. സോളാര്‍ തട്ടിപ്പ് അതന്വേഷിക്കാന്‍ രൂപീകരിച്ച ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരായതോടെയാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഐജി ദിനേന്ദ്ര കശ്യപ് അടക്കം ഒരു സംഘം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചെങ്കിലും പ്രാഥമികമായ ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല.

 

അതിനിടെ തുടരന്വേഷണസംഘത്തിന്റെ തലവനായ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ ഇന്നലെ സര്‍വീസില്‍നിന്നു വിരമിച്ചു. ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണസംഘത്തലവന്‍ പടിയിറങ്ങിയത്. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു കമ്മിഷന്റെ ശിപാര്‍ശ. കമ്മിഷനില്‍ സമര്‍പ്പിച്ച ഈ കത്ത് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ നിയമോപദേശങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന പേരുകാര്‍ക്കെതിരെ എല്ലാം കേസെടുക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. മാനഭംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും െലെംഗിക സംതൃപ്തി നേടിതിന് അഴിമതി നിരോധനനിയമം അനുസരിച്ച് കേസെടുക്കാനും തീരുമാനിച്ചു.

ഇതനുസരിച്ച് തുടരന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്തില്‍ നിന്ന് നിയമോപദേശവും തേടി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്നാണ് ജസ്റ്റിസ് പസായത്ത് നിയമോപദേശം നല്‍കിയത്.തുടക്കം മുതലേ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുന്നതിനോട് രാജേഷ് ദിവാന്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.