ഒരുമുഴം മുമ്പേ ടിറ്റെ: ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; നെയ്മര്‍ നയിക്കുന്ന മഞ്ഞപ്പടയില്‍ പരുക്കിന്റെ പിടിയിലായ സൂപ്പര്‍ താരം ഡാനി ആല്‍വസ് ഇല്ല

Date : May 15th, 2018

മറ്റ് ടീമുകൾ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, റഷ്യയിലേക്ക് പോകുന്ന ടീമിനെ തന്നെ പ്രഖ്യാപിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ ഒരു പടി മുന്നിലെത്തി. ലോകകപ്പിനുള്ള 23 -അം​ഗ ടീമിനെയാണ് ടിറ്റെ പ്രഖ്യാപിച്ചത്.

 

പരിക്കേറ്റ് ലോകകപ്പിൽ നിന്ന് ഒഴിവായ സൂപ്പർ താരം ഡാനി ആൽവസിന് പകരം കോറിന്ത്യൻസിന്റെ ഫാ​ഗ്നർ വലതു വിങ്ങ് ബാക്കായി കളിക്കും. ഇതേ പൊസിഷനിലേക്ക്, രണ്ടാമനായി ഡാനിലോയേയും തിരഞ്ഞെടുത്തു. ഇടതുവിങ്ങിൽ മഴ്സലോയാണ് ആദ്യ ചോയസ്. രണ്ടാമനായി അത്ലെറ്റിക്കോ മഡ്രിഡിന്റെ ഫിലിപ്പ് ലൂയിസ് എത്തി. ഇതോടെ യുവന്റസിന്റെ അലക്സ് സാൻഡ്രോ പുറത്തായി.

 

ഒന്നാം ​ഗോളിയായി എ.എസ്. റോമയുടെ അലിസനെ തിരഞ്ഞെടുത്തു. മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൻ, കാസിയോ എന്നിവരാണ് മറ്റ് ​ഗോൾക്കീപ്പർമാർ. സെന്റർ ബാക്കുകളായി, തിയാ​ഗോ സിൽവ, മാർക്വിനോസ്, മിറാൻഡ,പെഡ്രോ ​ഗെറോമെൽ എന്നിവരെ ഉൾപ്പെടുത്തി. ഇതോടെ ചെൽസിയുടെ ഡേവിഡ് ലൂയിസ് പുറത്തായി.

 

റയൽ മഡ്രിഡിന്റെ കാസിമെറോ, ബാഴ്സലോണയുടെ പൗളിന്യോ, ബാഴ്സയുടെ തന്നെ ഫിലിപ്പ് കുട്ടിന്യോ,മാഞ്ചസ്റ്റർ സിറ്റിയുടെ ഫെർണാണ്ടിന്യോ, ചെൽസിയുടെ വില്ലിയൻ, റെനെറ്റോ ആ​ഗസ്റ്റോ, ഫ്രെഡ് എന്നിവരാണ് മധ്യനിരയിൽ ഉൾപ്പെട്ടിരിക്കുന്നത്. പി.എസ്.ജിയുടെ സൂപ്പർ താരം നെയ്മർ നയിക്കുന്ന മുന്നേറ്റ നിരയിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ​ഗബ്രിയേൽ ജീസസ്, ലിവർപൂളിന്റെ റോബർട്ട് ഫിർമിന്യോ,യുവന്റസിന്റെ ഡ​ഗ്ലസ് കോസ്റ്റ, ടൈസൺ എന്നിവരാണ് ഉള്ളത്.