സിനിമ കണ്ടവര്‍ പറഞ്ഞത് വെറുതേയല്ല; ഭാവങ്ങളുടെ കടലിരമ്പവുമായി മമ്മൂട്ടിയുടെ പേരന്‍പ്; മകളുടെ ദുരിതങ്ങളെ വേദനയായി ഉള്ളിലൊതുക്കുന്ന അച്ഛന്റെ നോവുമായി രണ്ടരമിനുട്ട് വീഡിയോ

Date : July 16th, 2018

ഭാവങ്ങളുടെ കടലിരമ്പം ഉള്ളിലൊതുക്കി മമ്മൂട്ടിയുടെ ‘പേരന്‍പി’ന്റെ വരവ്. നേരത്തേ, സിനിമാ പ്രവര്‍ത്തകരുടെയും നടന്മാരുടെയും നല്ല വാക്കുകളില്‍ മാത്രം പുറം ലോകമറിഞ്ഞ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ ഇറങ്ങിയ ടീസര്‍. ടീസറില്‍ ശബ്ദം കൊണ്ടും ഭാവം കൊണ്ടും മമ്മൂട്ടി എന്ന മഹാനടന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നു.

 

 

അപൂര്‍വ അസുഖബാധിതയായ മകളുടെ ദുരിതങ്ങളെ ഉള്ളിലേല്‍ക്കുന്ന അച്ഛന്റെ നോവുഭാരങ്ങളെ മമ്മൂട്ടി അത്യപൂര്‍വ്വ മികവോടെ അവതരിപ്പിക്കുന്നു. സംഭഷണം ഇങ്ങനെ: ‘പാപ്പാ ഏ മത്ത കുളൈന്തങ്ക മാരി നടക്കലേന്ന് പല വര്‍ഷമാ വരുത്തപ്പെട്ട എനക്ക് പാപ്പാ മാരി നടക്കറത് എവളോ പെരിയ കഷ്ടം ന്ന് തെരിഞ്ചതുക്ക് അപ്പുറം താ ഒരുത്തരെ ഏ നീ മത്തവങ്കെ മാരി ഇല്‍റേന്ന് കേക്കറത് എവളോ പെരിയ വന്‍ മുറെന്ന് പുരിഞ്ചിത്’

 

ദേശീയ പുരസ്‌കാര ജേതാവായ റാം ആണ് സംവിധായകന്‍. ലോക ചലച്ചിത്രോല്‍സവങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെ തലയെടുപ്പായി കയ്യടിപ്പിച്ചതിന് ശേഷമാണ് പേരന്‍പ് ഇന്ത്യയില്‍ റിലീസിനെത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ടീസറിനൊപ്പം ചിത്രത്തിലെ പാട്ടുകളുടെ ഓഡിയോയും പുറത്തിറങ്ങി. യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകള്‍ ഒരുക്കിയത്. മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു തമിഴ് നടന്‍ ശരത് കുമാര്‍ പറഞ്ഞിരുന്നത്. തമിഴ് സിനിമയില്‍ മമ്മൂട്ടിയുടെ പ്രകടനം ദേശീയ അവാര്‍ഡ് കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

peranp11 സിനിമ കണ്ടവര്‍ പറഞ്ഞത് വെറുതേയല്ല; ഭാവങ്ങളുടെ കടലിരമ്പവുമായി മമ്മൂട്ടിയുടെ പേരന്‍പ്; മകളുടെ ദുരിതങ്ങളെ വേദനയായി ഉള്ളിലൊതുക്കുന്ന അച്ഛന്റെ നോവുമായി രണ്ടരമിനുട്ട് വീഡിയോ

 

 

ചിത്രത്തില്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അമരത്തിലെ പോലെ തന്നെ അച്ഛന്റെയും മകളുടെയും കഥയാണ് പേരന്‍പിലും . അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത കഥാപാത്രമായിരിക്കും പേരന്‍പിലുണ്ടാവുക. മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

 

അഞ്ജലി അമീറാണ് സിനിമയിലെ നായിക. ഒപ്പം സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരന്‍പ്. ആന്‍ഡ്രിയ, വസന്ത് രവി എന്നിവര്‍ അഭിനയിച്ച ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്. റാമിന്റെ സംവിധാനത്തില്‍ ഉള്ള ‘തങ്കമീന്‍കള്‍’ എന്ന ചിത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

 

പേരന്‍മ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2016 ലാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമാകുന്നത്. മമ്മൂട്ടി തന്നെയായിരുന്നു അഞ്ജലി അമീറിന്റെ പേര് റാമിന് പറഞ്ഞുകൊടുക്കുന്നത്. ഒരു മാസികയില്‍ വന്ന അവരുടെ ചിത്രം കണ്ടിട്ടാണ് മമ്മൂട്ടി അഞ്ജലിയെ അറിയുന്നത്. സ്‌ക്രീനില്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ ഇന്‍ഡസ്ട്രിയില്‍ സാമൂഹികമായൊരു മാറ്റം കൊണ്ടുവരുന്നതിന് മമ്മൂട്ടി എടുത്ത താല്‍പര്യം പ്രശംസനീയമാണ്.