സംഘപരിവാറിനെ എന്തുകൊണ്ട് ഈ പയ്യന്‍ ചൊടിപ്പിക്കുന്നു? മോഡിയുടെ അഴിമതി വിരുദ്ധ വാദവും വാഗ്ദാന ലംഘനവും ആദ്യം പൊളിച്ചടുക്കി; വ്യാജ വാര്‍ത്തകളും തുറന്നുകാട്ടി; ധ്രുവ് രതിക്കു മുന്നില്‍ ഉത്തരംമുട്ടിയത് വമ്പന്മാര്‍ക്ക്

Date : July 24th, 2018

‘ഞാന്‍ വീഡിയോകള്‍ നിര്‍മിക്കുന്നത് വിമര്‍ശനാത്മക ചിന്ത വളര്‍ത്തുന്നതിനും ജങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനുമാണ്’- പറയുന്നത് ഇന്നു ഓണ്‍ലൈന്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചെ ചെയ്യപ്പെടുന്ന ധ്രുവ് രതീ എന്ന 23 കാരനാണ്. യ്യൂട്യൂബില്‍ അഞ്ചുലക്ഷത്തോളം ഫോളോവര്‍മാര്‍. ഫേസ്ബുക്കില്‍ മൂന്നുലക്ഷത്തോളം ലൈക്ക്. ഇന്ന് ധ്രുവ് പുറത്തുവിടുന്ന ഏതൊരു വീഡിയോയും വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു.

 

 

സിനിമാ മോഹവും ഫോട്ടോഗ്രഫിയുമായി നടന്ന ധ്രുവ് അണ്ണാഹസാരെയുടെ സമരം മുതലാണു രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയത്. അതിനുശേഷം കുറേക്കാലം കഴിഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അധികം ശ്രദ്ധിക്കപ്പെടില്ലെന്നു കരുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മറ്റൊന്നുമായിരുന്നില്ല അത്. ജനങ്ങള്‍ക്കു വാഗ്ദാനപ്പെരുമഴ നല്‍കി അധികാരത്തിലേറിയ മോഡി സര്‍ക്കാരിന്റെ തനിനിറം പുറത്തുകാട്ടുന്നതായിരുന്നു അത്. ‘ബി.ജെ.പി എക്‌സ്‌പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്’ എന്ന തലക്കെട്ടിലുളള മ്യൂസിക് വിഡിയോ ആയിരുന്നു അത്. മോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായിരുന്നു വിഡിയോയില്‍ നിറയെ. തെരഞ്ഞെടുപ്പിനു മുമ്പ് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മറക്കാന്‍ തുടങ്ങിയതിനെ ആ ചെറുപ്പക്കാരന്‍ നിശിതമായി വിമര്‍ശിച്ചു.

 

 

വിഡിയോ വൈറലായി. ധ്രുവ് രതി എന്ന ചെറുപ്പക്കാരന്‍ നവമാധ്യമങ്ങളില്‍ താരമായി. മോദി സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചു കൊണ്ട് പിന്നെയും നിരവധി വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് ധ്രുവ് രതിക്ക് യുട്യൂബില്‍ അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും ഫേസ്ബുക്ക് പേജിന് മൂന്നുലക്ഷത്തിലേറെ ലൈക്കുകളുമുണ്ട്.

 

 

സംഘപരിവാര്‍, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാര്‍ത്തകളെ വിമര്‍ശിച്ചു കൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചര്‍ച്ച ചെയ്ത സുപ്രധാന വാര്‍ത്തകള്‍ പലതും വിഡിയോക്ക് വിഷയങ്ങളായി. ഉറി ആക്രമണം, സര്‍ജിക്കല്‍ സ്‌െ്രെടക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബില്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഹാക്കിങ്ങ്, കത്വ സംഭവം അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമര്‍ശിച്ചു. മോദിയുടെയും രാഹുലിന്റെയും പ്രംസഗങ്ങളില്‍ ആരായിരുന്നു മികച്ചത്? കറന്‍സി നിരോധനം കൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടായത്? അങ്ങനെ പല കാര്യങ്ങളിലും സധൈര്യം അഭിപ്രായ പ്രകടനം നടത്തി.

 

 

വിഡിയോകള്‍ വൈറലായെങ്കിലും ഈ യുവാവിനെതിരെ പ്രധാനപ്പെട്ട ആരോപണമുണ്ടാകുന്നത് ഇക്കഴിഞ്ഞ മെയ് മാസം ബി.ജെ.പി പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ട വികാസ് പാണ്ഡെ എന്നയാള്‍ ഡല്‍ഹിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ്. ‘ഐ സപ്പോര്‍ട്ട് നരേന്ദ്രമോദി’ എന്ന പേജിലൂടെ വികാസ് പാണ്ഡെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് ധ്രുവ് വിഡിയോയിലൂടെ പറഞ്ഞത്. വികാസ് പാണ്ഡെയുടെ പരാതിക്ക് മറുവീഡിയോയും ധ്രുവ് പുറത്തിറക്കി. പരാതിയില്‍ പറയുന്ന ആരോപണങ്ങളെ വസ്തുതകള്‍ സഹിതം ഖണ്ഡിച്ചു കൊണ്ടായിരുന്നു വിഡിയോ.

 

 

പിന്നീട് എംപി വിജയ് ഗോയലും പരിഹാസവുമായെത്തി. 99% വിദ്വേഷ പ്രചാരകരും കൂലിക്കാരോ അല്ലാത്തവരോ ആയ മോദി ഭക്തരാണ് എന്ന വിമര്‍ശനത്തിന് ‘ദിവാസ്വപ്നം കാണുന്നത് നല്ലതല്ല കുട്ടീ’ എന്നായിരുന്നു ഗോയലിന്റെ പരിഹാസം. ”അഴിമതി രഹിത ഇന്ത്യയെന്ന ദിവാസ്വപ്‌നം വില്‍ക്കുന്നത് ഇനിയെങ്കിലും മതിയാക്കൂവെന്ന്‌മോദിയോട് പോയി പറയൂ” എന്നായിരുന്നു ധ്രുവിന്റെ മറുപടി.

 

dhruv-cover-1 സംഘപരിവാറിനെ എന്തുകൊണ്ട് ഈ പയ്യന്‍ ചൊടിപ്പിക്കുന്നു? മോഡിയുടെ അഴിമതി വിരുദ്ധ വാദവും വാഗ്ദാന ലംഘനവും ആദ്യം പൊളിച്ചടുക്കി; വ്യാജ വാര്‍ത്തകളും തുറന്നുകാട്ടി;  ധ്രുവ് രതിക്കു മുന്നില്‍ ഉത്തരംമുട്ടിയത് വമ്പന്മാര്‍ക്ക്

 

2011-12 കാലയളവില്‍ അണ്ണാ ഹസാരെയുടെ സമരകാലത്താണ് താന്‍ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ധ്രുവ് പറയുന്നു. അന്ന് ബോര്‍ഡ് പരീക്ഷയുടെ സമയമായതിനാല്‍ രാംലീല മൈതാനിയില്‍ നടന്ന സമരത്തില്‍ പങ്കെടുക്കാനായില്ല. ഇപ്പോള്‍ യൂറോപ്പിലുള്ള ധ്രുവ് ഇന്ത്യയിലേക്കു വരാന്‍ താത്പര്യമില്ലെന്നാണ് പറയുന്നത്.

 

 

‘ബിജെപി എക്‌സ്‌പോസ്ഡ്’ എന്ന വീഡിയോ പുറത്തുവിട്ടത് നിരാശകൊണ്ടാണെന്ന് ധ്രുവ് പറയുന്നു. മോഡി പറയുന്നത് താന്‍ അഴിമതിക്കെതിരാണ് എന്നാണ്. തൊട്ടുപിന്നാലെ അഴിമതി ആരോപണ വിധേയനായ ബിഎസ് യെദ്യൂരപ്പയുമായി അദ്ദേഹം കൈകൊടുത്തു. കടുത്ത അഴിമതി വിരുദ്ധനാണെന്നു മോഡി പറയുമ്പോള്‍ അദ്ദേഹം ലോക്പാല്‍ ബില്ലിനും അനുകൂല നിലപാടിലല്ല. അതിനു പിന്നാലെയാണു ബിജെപിയുടെ ഡല്‍ഹി യൂണിറ്റ് വൈസ്പ്രസിഡന്റ് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ആദ്യ വീഡിയോ നിര്‍മിച്ചത്-ധ്രുവ് പറഞ്ഞു.

 

 

ഇതിനു പിന്നാലെ 2016ല്‍ ബിജെപിയുടെ യൂത്ത് വിങ്ങിന്റെ വക്താവയിരുന്ന അജയ് ഷെരാവത്ത് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ കഴിവുകേടുകള്‍ ചൂണ്ടിക്കാട്ടി രംഗത്തു വന്നപ്പോഴാണ് ധ്രുവ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. ആളുകള്‍ വ്യാപകമായി അജയുടെ വീഡിയോ ഷെയര്‍ ചെയ്തു തുടങ്ങിയതോടെയാണ് ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നു അന്വേഷണം തുടങ്ങിയത്. ഇതുതന്നെയൊരു ‘വസ്തുതാ പരിശോധക’നാക്കി മാറ്റിയെന്നും ധ്രുവ് പറഞ്ഞു. സത്യമെന്തെന്നു പരിശോധിക്കാതെയാണ് പലരും അജയുടെ വീഡിയോ പ്രചരിപ്പിച്ചത്. അതുകൊണ്ട് ഹിന്ദിയില്‍തന്നെ ഇതിനെ പൊളിച്ചടുക്കി ധ്രുവ് വീഡിയോ പുറത്തുവിട്ടു.

 

 

ഇതിനു പിന്നാലെ ‘പീ ന്യൂസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ചാനലും ധ്രുവ് തുടങ്ങി. സമൂഹത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ പരിഹാസം ചൊരിയുകയായിരുന്നു ലക്ഷ്യം. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തുകൊണ്ടു ധ്രുവ് രതീ ഷോയും തുടങ്ങി. പ്രമുഖ വീഡിയോ ബ്ലോഗര്‍മാരുമായി സഹകരിച്ചുകൊണ്ടായിരുന്നു ഇത്. പ്രതിപക്ഷത്തിന്റെ കാശ് വാങ്ങിയാണ് ഈ പണി ചെയ്യുന്നതെന്ന ആരോപണത്തെയും ധ്രുവ് വെല്ലുവിളിച്ചു. എനിക്കു വലതുപക്ഷക്കാരെയും അഭിമുഖം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ ആരും അതിനു മുന്നോട്ടുവരുന്നില്ലെന്നും ധ്രുവ് പറയുന്നു.