അര്‍ബുദം ഗുരുതരം; ഗോവ മുഖ്യമന്ത്രി പരീക്കര്‍ക്കു പകരക്കാരനെ തേടി ബിജെപി; അമേരിക്കയില്‍ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പരീക്കറെ ഇന്ന് എയിംസില്‍ പ്രവേശിപ്പിക്കും

Date : September 15th, 2018

അനാരോഗ്യത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ സ്ഥാനം ഒഴിഞ്ഞേക്കും. കഴിഞ്ഞ ഏഴു മാസമായി അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലാണ് അദ്ദേഹം. ഇപ്പോൾ ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പരീക്കറെ കൂടുതൽ പരിശോധനകൾക്കായി ഇന്ന് ഉച്ചയോടെ ഡൽഹി എയിംസിലേക്ക് മാറ്റും. അതേസമയം പരീക്കറിന് പകരം ആളെ കണ്ടെത്താനുള്ള തിരക്കിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. തല്‍ക്കാലം മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നല്‍കാനാണ് നീക്കമെന്നാണ് സൂചനകൾ. ഇതിനായി ബി.ജെ.പി നേതാക്കളായ റാംലാല്‍, ബി.എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഗോവയിലെത്തി ചര്‍ച്ചകള്‍ നടത്തും.

 

മാസങ്ങളായി ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കർ ദേശീയ നേതൃത്വവുമായി പങ്കുവച്ചതായാണു കരുതുന്നത്. ചികിൽസയ്ക്കുശേഷം കഴിഞ്ഞ ആഴ്ച യുഎസിൽ നിന്നു തിരികെയെത്തിയ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചിരുന്നു. ബിജെപി നേതാക്കളായ റാംലാൽ, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാർട്ടി നിർദേശപ്രകാരം ഗോവയിലെത്തുക.

 

ഗോവ ബിജെപിയുടെ സംസ്ഥാന തല കോർ കമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച നേതാക്കൾ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി നേതാവെന്ന നിലയിൽ പരീക്കർക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് ബിജെപിക്കു തലവേദന സൃഷ്ടിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സർക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.