മോഹന്‍ലാല്‍ പിന്മാറിയ ഐഎസ്ആര്‍ഒ ചാരക്കഥ സിനിമയാക്കുമ്പോള്‍ നായകന്‍ മാധവന്‍; ചരിത്ര സംഭവം സ്‌ക്രീനില്‍ എത്തിക്കുന്നത് മലയാളിയും ബോളിവുഡ് സംവിധായകനുമായ ആനന്ദ് മഹാദേവന്‍

Date : September 15th, 2018

ഐഎസ്ആര്‍ഒയുടെ പേരില്‍ ഭരണകൂടത്തിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയായ നമ്പി നാരായണന്റെ കഥ സിനിമയാകുന്നു. കേസില്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന സുപ്രീം കോടതി വിധിക്കു ശേഷം നമ്പി നാരായണനും, ചാരക്കേസും വീണ്ടും ചര്‍ച്ചകളില്‍ സജീവം ആവുമ്പോള്‍ നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് സംവിധായകന്‍ ആനന്ദ് മഹാദേവന്‍.

 

ഒരു വര്‍ഷത്തിലധികമായി ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളുണ്ടെങ്കിലും ഷൂട്ടിങ് തുടങ്ങിയിരുന്നില്ല. മോഹന്‍ലാല്‍ നമ്പി നാരായണനായി വേഷമിടും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും താരം പിന്മാറിയതായി സംവിധായകന്‍ വെളിപ്പെടുത്തുന്നു. തമിഴ് നടന്‍ മാധവന്‍ മോഹന്‍ലാലിന് പകരക്കാരനാകും എന്നാണു പുതിയ റിപ്പോട്ടുകള്‍. ആനന്ദ് മഹാദേവന്‍ ഒരുക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

 

നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമാണെന്നും 50 ലക്ഷം രൂപ നഷ്ട്ട പരിഹാരം നല്‍കണം എന്നുമുളള സുപ്രീം കോടതി വിധിക്കു പിന്നാലെ മാധവനും നമ്പി നാരായണനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കമാകട്ടെയെന്ന് മാധവന്‍ ട്വീറ്റ് ചെയ്തു.

 

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994 ഒക്ടോബര്‍ 30നു നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് 1998ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

 

തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ആനന്ദ് മഹാദേവന്‍ തമിഴ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ അഭിനയിക്കുകയും,പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ മറാഠി ചിത്രമായ ‘മീ സിന്ധുതായി സപ്കലി’ന് ദേശീയ അവാര്‍ഡിലെ സ്‌പെഷല്‍ ജൂറി പുരസ്‌കാരം ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.