നാലാമത്തെ മത്സരം തോറ്റെങ്കിലും ധോണിക്കു പോലും കൈക്കലാക്കാന്‍ പറ്റാതിരുന്ന നേട്ടം ഋഷഭ് പന്തിനു സ്വന്തം; ഇന്ത്യന്‍ ക്രിക്കറ്റ് കാണാതെപോയ അപൂര്‍വ റെക്കോഡ്

Date : September 15th, 2018

ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റില്‍ തോറ്റെങ്കിലും ഇന്ത്യയെ സംബന്ധിച്ച് അത്രയ്ക്കു നിരാശാജനകമല്ലായിരുന്നു പരമ്പര. പ്രത്യേകിച്ച് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് എത്തിയവര്‍ക്ക്. വിവാരി ആദ്യ ടെസ്റ്റില്‍ തന്നെ മതിപ്പു നേടി. രവീന്ദ്ര ജഡേജ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുകാട്ടി. കെ.എല്‍. രാഹുലും സെഞ്ചുറിയും ഇതിനു മാറ്റു കൂട്ടി. അതേസമയം വിക്കറ്റിനു പിന്നില്‍ ഇന്ത്യയെ കാത്ത ഋഷഭ് പന്തിന്റെ സെഞ്ചുറി നേട്ടം ഒരുപടികൂടി ഉയരത്തിലാണ്. വിക്കറ്റ് കീപ്പറായി ധോണിക്കു പകരം ആരെന്ന ചോദ്യത്തിനും പന്തിലൂടെ ഉത്തരം കണ്ടെത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. ഈ ഇരുപതുകാരന്റെ ബാറ്റിങ് മറ്റൊരു റെക്കോഡിലേക്കും പന്തുരുട്ടി. ഒരു ടെസ്റ്റിന്റെ നാലാമത്തെ ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണു പന്ത് സ്വന്തമാക്കിയത്.

 

ഇതിനുമുമ്പ് ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നാലാമത്തെ ഇന്നിങ്‌സില്‍ നേടുന്ന മികച്ച സ്‌കോര്‍ 76 റണ്‍സാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലെ നേട്ടം ധോണിയുടെ പേരില്‍തന്നെ. എന്നാല്‍, പരിചയസമ്പത്തും കളിമികവും ഏറെയുള്ള ധോണിക്കുപോലും സെഞ്ചുറിയെന്ന നേട്ടം കൈക്കലാക്കാന്‍ പറ്റിയില്ല.

 

പന്തും രാഹുലും ചേര്‍ന്നു കൂട്ടിച്ചേര്‍ത്ത 204 റണ്‍സ് നാലാമത്തെ ടെസ്റ്റില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷയും നല്‍കിയിരുന്നു. എന്നാല്‍, ആദില്‍ റഷീദ് ഇരുവരെയും തുടരെത്തുടരെ പുറത്താക്കിയതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു.

 

നേരത്തേ, വിക്കറ്റിനു പിന്നില്‍ പന്ത് ആരാധകരെ അല്‍പം നിരാശരാക്കിയെങ്കിലും ബാറ്റിങ്ങിലൂടെ ആ പിഴവ് പരിഹരിച്ചു. ഇന്നിങ്‌സിലൂടെ 15 ഫോറുകളും നാലു വമ്പന്‍ സിക്‌സറുകളും പന്ത് അടിച്ചുകൂട്ടി. ഒരുപക്ഷേ, രാഹുലിനേക്കാള്‍ മികച്ച പ്രകടനമായിട്ടാണ് പന്തിന്റെ ഇന്നിങ്‌സിനെ വിലയിരുത്തുന്നതും. ഇംഗ്ലണ്ട് അറ്റാക്കിങ് ഫീല്‍ഡിങ് സെറ്റിലേക്കു വഴിമാറിയിട്ടും ഗ്യാപ്പുകള്‍ കണ്ടെത്താന്‍ പന്തിന് അനായാസം കഴിഞ്ഞു.

 

അവസാന സെഷന്‍ ആരംഭിക്കുമ്പോള്‍ 32 ഓവറില്‍നിന്ന് 166 റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്. ഇത് വിജയസാധ്യതയും കല്‍പിച്ചു നല്‍കിയിരുന്നു. എന്നാല്‍, റാഷിദിന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ആ പ്രതീക്ഷയും അസ്തമിച്ചു.