സിറ്റിങ് എംപിമാര്‍ തെറിക്കും; മോഹന്‍ലാലും സണ്ണി ഡിയോളും അക്ഷയ് കുമാറും മാധുരി ദീക്ഷിതുമടക്കം 70 പ്രമുഖരെ മത്സരിപ്പിക്കാന്‍ ബിജെപി; ഒരു മണ്ഡലത്തില്‍ നിന്ന് അഞ്ചു പ്രഫഷണലുകളുടെ പട്ടിക വീതം തയാറാക്കി നീക്കം ഒരു വര്‍ഷം മുമ്പേ തുടങ്ങിവച്ചത് മോഡി

Date : September 16th, 2018

ന്യൂഡല്‍ഹി: സിനിമാകായികകലാസാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന് സൂചന. പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപത്രമാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും ഉള്‍പ്പെടെയുള്ള താരങ്ങളെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യതയാണ് ബിജെപി നേതൃത്വം പരിശോധിക്കുന്നത്.സിനിമാ, കായികകലാസാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരാണ് പരിഗണനാ പട്ടികയില്‍ ഉള്ളത്. മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

 

തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

 

‘സിനിമ, കല, സാംസാരികം, സ്‌പോര്‍ട്‌സ്, മീഡിയ, ആരോഗ്യരംഗമടക്കമുള്ള മേഖലകളില്‍നിന്നു കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താനുള്ള സൂക്ഷ്മമായ നോട്ടത്തിലാണു ബിജെപിയെന്നും ആളുകള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയവരെയാകും നോക്കുന്നതെന്നും ഇവര്‍ക്കു രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടാന്‍ കഴിയുമെന്നു വിചാരിക്കുന്നെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

 

അക്ഷയ് കുമാറിനെ ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിലേക്കു പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുരുദാസ്പുരിലേക്കു സണ്ണി ഡിയോളിനെയും ആലോചിക്കുന്നു.മോഹന്‍ലാല്‍, മധുരി ദീക്ഷിത് എന്നിവരും മുംബൈ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്കു ബിജെപിയുടെ റഡാറിലുണ്ട്. കൂടുതല്‍ പ്രഫഷണലുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന നരേന്ദ്ര മോഡിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും ബിജെപി നേതാവ് വ്യക്തമാക്കുന്നു. ഇത്തരം നീക്കങ്ങള്‍ ബിജെപിക്കു മുമ്പും നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാണിത്. കഴിഞ്ഞ വര്‍ഷം അഞ്ചു പ്രഫഷണലുകളെ തങ്ങളുടെ മണ്ഡലത്തില്‍നിന്നു ചൂണ്ടിക്കാട്ടാന്‍ മോഡി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.

 

എന്നാല്‍, ഇതിനെതിരേ സിറ്റിങ് എംപിമാര്‍ എങ്ങനെ പ്രതികരിക്കുമെന്നത് ഇനിയും വ്യക്തമല്ല. നിരവധിപ്പേര്‍ക്കു സ്ഥാന നഷ്ടമുണ്ടാകുമെന്നതു വ്യക്തമാണ്. മോശം പ്രകടനം കാഴ്ച വച്ചവരുടെ കാര്യത്തില്‍ ഇക്കുറി തീരുമാനമാകുമെന്നും ബിജെപി നേതാവ് പറയുന്നു. നേരത്തേ, സിനിമാ രംഗത്തുനിന്നുള്ളവരെ മാത്രമായിരുന്നു ബിജെപിയടക്കമുളള പാര്‍ട്ടികള്‍ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചിരുന്നത്. ഇതിനു വിരുദ്ധമായി കായിക, ആരോഗ്യ മേഖലകളില്‍നിന്നുള്ളവരെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിപ്പിച്ചിരുന്നു. ഒളിമ്പിക്‌സ് ജേതാവായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അടക്കമുള്ളവര്‍ നിലവില്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ്.