തോക്കേന്തിയ അക്രമികളെ പിടികൂടാന്‍ യുപി പോലീസിന്റെ ‘എന്‍കൗണ്ടര്‍’ വീണ്ടും; തത്സമയം കവര്‍ ചെയ്യാന്‍ മാധ്യമങ്ങള്‍; പോലീസ് കൊന്നത് ഞായറാഴ്ച അറസ്റ്റ് ചെയ്തവരെയെന്ന് അമ്മയും ബന്ധുക്കളും; വിവാദം പടരുന്നു (ഏറ്റുമുട്ടല്‍ വീഡിയോ കാണാം)

Date : September 21st, 2018

ആറുപേരെ കൊന്ന ഗുണ്ടകളെ വധിക്കാനുള്ള പോലീസിന്റെ എന്‍കൗണ്ടര്‍ ‘ലൈവായി’ ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ ക്ഷണിച്ച് ഉത്തര്‍ പ്രദേശ് പോലീസ്. വെള്ളിയാഴ്ച രാവിലെയാണു യുപിയിലെ അലിഗഡ് ജില്ലയിലെ മാധ്യമപ്രവര്‍ത്തകനു പോലീസില്‍നിന്നു ഞെട്ടിക്കുന്ന ഫോണ്‍കോള്‍ വന്നത്. ഹാര്‍ദുവഗഞ്ചി പോലീസ് സ്‌റ്റേഷനു കീഴിലുള്ള മാച്ചുവ ഗ്രാമത്തിലേക്കു വന്നാല്‍ യഥാര്‍ഥ ഏറ്റുമുട്ടല്‍ കാണാനും ചിത്രീകരിക്കാനും സൗകര്യമൊരുക്കാമെന്നായിരുന്നു പോലീസിന്റെ വാഗ്ദാനം.

 

15 മിനുട്ടിനുള്ള ഈ വാര്‍ത്ത പരന്നു. ബുള്ളറ്റ് പ്രൂഫ് ധരിച്ച പോലീസ് സംഘവും ഇതൊന്നുമില്ലാത്ത മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. സായുധരായ പോലീസ് ഉദ്യോഗസ്ഥരില്‍ പലരും മുസ്താകിം, നൗഷാദ് എന്നീ ഗുണ്ടകളെ വധിക്കാനായിരുന്നു നീക്കം. ഇരുവരെയും വധിക്കുന്നതിനു മുമ്പ് അവര്‍ 34 റൗണ്ട് വെടിയുതിര്‍ത്തെന്നും പോലീസ് പഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കു ക്ഷണം കിട്ടിയ ഇന്ത്യയിലെ ആദ്യ എന്‍കൗണ്ടര്‍ വീക്ഷിക്കാനും ചിത്രീകരിക്കാനും വന്‍ മാധ്യമപ്പടയും എത്തിയിരുന്നു. ഇവരോടു കുറഞ്ഞതു നൂറു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കാര്‍ക്കും ബുള്ളറ്റ് പ്രൂഫും നല്‍കിയിരുന്നില്ല.

 

രണ്ടു ക്രിമിനലുകള്‍ക്കും വെടിയുതിര്‍ക്കല്‍ നിര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയെങ്കിലും ചെവിക്കൊണ്ടില്ലെന്ന് അലിഗഡ് പോലീസ് എസ്.പി. അതുല്‍ ശ്രീവാസ്തവ പറഞ്ഞു. ഹാര്‍ദുവഗഞ്ച് സ്‌റ്റേഷണിലെ ഉദ്യോഗസ്ഥനായ വിനോദ് കുമാര്‍ ഇരുവരെയും പിന്തുടര്‍ന്നെങ്കിലും അവര്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലൊളിച്ചു വെടിവയ്പു തുടര്‍ന്നു.

 

ഇതേത്തുടര്‍ന്നു സമീപസ്ഥ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും സഹായം തേടി. രണ്ടു ക്രിമിനലുകളും .32, .315 റൈഫിളുകളാണ് ഉപയോഗിച്ചത്. ഇതു സംഭവ സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്തു. മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചതില്‍ തെറ്റായിട്ടൊന്നുമില്ലെന്നും ഉന്നതങ്ങളില്‍നിന്നുള്ള ഉത്തരവിനെത്തുടര്‍ന്നാണ് ആദ്യ ദൃശ്യള്‍ മുതല്‍ മാധ്യമങ്ങള്‍ക്കു ലഭിക്കട്ടെയെന്ന തീരുമാനമെടുത്തതെന്നും അലിഗഡ് എസ്.എസ്.പി. അജയ്കുമാര്‍ സാഹ്നി പറഞ്ഞു. സംഭവത്തില്‍ സുതാര്യത വരുത്തുകയാണു ചെയ്തത്. ഒന്നും ഒളിക്കാനില്ലായിരുന്നു. ആര്‍ക്കെങ്കിലും ചിത്രമെടുക്കാനും വീഡിയോ പിടിക്കാനും താല്‍പര്യമുണ്ടെങ്കില്‍ അതിനും വിലക്കുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു.

 

എല്ലാം മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച നാടകമാണെന്ന ആരോപണവും പോലീസ് നിരാകരിച്ചു. ഒരു സന്യാസിയടക്കം ആറുപേരെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു കൊലയാളികളെ ചൊവ്വാഴ്ച പിടികൂടിയിരുന്നു. ഏറ്റുമുട്ടലിനു ശേഷം പാലിമുകിംപുര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

എന്നാല്‍, കൊല്ലപ്പെട്ട മുസ്താകിം, നൗഷാദ് എന്നിവരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ഇരുവരെയും പോലീസ് ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നെന്നും പിന്നീടു കൊലപ്പെടുത്തുകയായിരുന്നെന്നും അമ്മ ആരോപിച്ചു. യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയ ശേഷം 66 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം ഏറ്റുമുട്ടലുകളാണ് ഈ കാലയളവില്‍ പോലീസ് നടത്തിയത്.