ബാലു പോയത് അറിയാതെ ലക്ഷ്മി; യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 21-ാം വയസില്‍ തുടങ്ങിയ പ്രണയം; പഠനം കഴിയും മുമ്പേ വിവാഹം; വേര്‍പാടിന്റെ നോവ് അറിയിക്കുക എങ്ങനെയെന്നോര്‍ത്ത് ബന്ധുക്കള്‍

Date : October 2nd, 2018

കാത്തിരുന്നു കിട്ടിയ പൊന്നോമനയും പ്രിയതമനും വിടപറഞ്ഞത് അറിയാതെ ലക്ഷ്മി. വയലിനൊപ്പം ബാലുവിന്റെ ജീവിതത്തോടു ശ്രുതി ചേര്‍ന്നതു ലക്ഷ്മിയായിരുന്നു. ക്യാമ്പസ് പ്രണയത്തില്‍നിന്നും 18 വര്‍ഷം നീണ്ട ദാമ്പത്യത്തിലേക്കും ബാലുവിന്റെ തോള്‍ ചേര്‍ന്നുനിന്നു ലക്ഷ്മി. തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാംപസിലാണ് ബാലഭാസ്ക്കറും ലക്ഷ്മിയും ആദ്യം കണ്ടുമുട്ടുന്നത്. ഇരുപത്തൊന്നാംവയസില്‍.

 

അതീതീവ്രമായ പ്രണയം. വീട്ടുകാരുടെ സമ്മതം കിട്ടാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കും മുന്‍പെ ഇരുവരും വിവാഹിതരായി. അന്നുമുതല്‍ 18 വര്‍ഷം ബാലഭാസ്ക്കറിന്‍റെ ജീവിതത്തിന്‍റെ ഈണമായിരുന്നു ലക്ഷ്മി. ലോകമറിയുന്ന വയലിസ്റ്റായി ബാലു പ്രശസ്തിയിലേക്കുയരുമ്പോള്‍ നിഴലായി ഒപ്പം നിന്നു. സംഗീതയാത്രകളില്‍ നിശബ്ദസാന്നിധ്യമായി. തനിച്ച് എവിടെപ്പോയാലും, ലക്ഷ്മിക്കൊപ്പമിരിക്കുന്ന മനസമാധാനം ഒരിടത്തുമില്ലെന്നു പറഞ്ഞ് ഓടിയെത്തി ബാലഭാസ്ക്കര്‍.

 

ഒരിയ്ക്കല്‍പോലും ശ്രുതി തെറ്റാത്ത പ്രണയജീവിതത്തില്‍ ഒരു സങ്കടം മാത്രമേയുണ്ടായിരുന്നുള്ളു. 16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകള്‍ തേജസ്വിനിയെത്തിയതോടെ അതുമാറി. പിന്നെ ജീവിതം തേജസ്വിനിയെന്ന ജാനിയിലേക്ക് ശ്രുതിമാറ്റി. ബാലുവും ജാനിയുമില്ലാതെ എന്നെങ്കിലുമൊരിക്കല്‍ ജീവിക്കേണ്ടിവരുമെന്ന് ‌വിചാരിച്ചുകാണില്ല ലക്ഷ്മി. ജീവിതം ശ്രുതിപൊട്ടിയത് ലക്ഷ്മിയറിയുന്നതോര്‍ത്തുള്ള നോവിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

 

balabhaskar-1 ബാലു പോയത് അറിയാതെ ലക്ഷ്മി; യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 21-ാം വയസില്‍ തുടങ്ങിയ പ്രണയം; പഠനം കഴിയും മുമ്പേ വിവാഹം; വേര്‍പാടിന്റെ നോവ് അറിയിക്കുക എങ്ങനെയെന്നോര്‍ത്ത് ബന്ധുക്കള്‍

 

സംഗീതത്തോളം തന്നെ ബാലുവിന്റെ പ്രണയമായിരുന്നു ലക്ഷ്മിയും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്തായിരുന്നു ബാലഭാസ്കറും ലക്ഷ്മിയും കണ്ടുമുട്ടുന്നതും സുഹൃത്തുക്കളാകുന്നതും പ്രണയിക്കുന്നതും പിന്നീട് ജീവിതത്തില്‍ കൈകോര്‍ത്ത് നടക്കാന്‍ തീരുമാനിച്ചതും. 2000 ഡിസംബര്‍ 16നായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീടങ്ങോട്ട് ഒരുമിച്ചുള്ള യാത്രയില്‍ ഒരു കുഞ്ഞ് എന്ന സ്വപ്നം മാത്രമായിരുന്നു അവരെ അലട്ടിയിരുന്നത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവളുമെത്തി. തേജസ്വിനി. ബാലുവിന്റെ പ്രിയ ജാനി. ജാനിയുടെ വരവോടെ അവളായിരുന്നു ബാലഭാസ്കറിന്‍റെ ഈണവും ‘അവൾ എന്റെ നെഞ്ചിൽ കളിക്കുവാടാ..’ എന്ന് സുഹൃത്തുക്കളോട് പലകുറി ബാലു പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ അവർ ഒാർത്തെടുത്തിരുന്നു.

 

സംഗീതയാത്രയില്‍ ബാലഭാസ്കറിന് കരുത്തു പകര്‍ന്ന പ്രിയ ലക്ഷ്മിയെ തനിച്ചാക്കിയാണ് തേജസ്വിനിയ്ക്ക് പിന്നാലെ ബാലയും പോകുന്നത്. തന്‍റെ പ്രിയപ്പെട്ടവൻ വിട്ടുപോയതറിയാതെ ആശുപത്രിയില്‍ കഴിയുകയാണ് ഇപ്പോഴും ലക്ഷ്മി. സംഗീതവും കുഞ്ഞു പുഞ്ചിരിയും നിറവ് പകര്‍ന്ന ലക്ഷ്മിയുടെ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യത ബാക്കിയാക്കിയാണ് ബാലയും ജാനിയും യാത്രയായത്. അവസാനനിമിഷവും ജാനി അച്ഛന്റെ മടിയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ കുഞ്ഞിൽ‌ തുടിപ്പു ശേഷിച്ചിരുന്നു.‌