അതുകൊണ്ടാണ് രജനികാന്ത് ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ ആയി തുടരുന്നത്; രജനീകാന്തിനൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച മണികണ്ഠന്‍ സിനിമാ സെറ്റിലെ വിശേഷങ്ങള്‍ പങ്കിട്ട് രംഗത്ത്; ‘അദ്ദേഹം ഒരു പാഠപുസ്തകമാണ്’

Date : October 2nd, 2018

രജനീകാന്ത് ചിത്രമായ പേട്ടയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണു നടന്‍ മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടമെന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠന്‍, രജനിക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് സിനിമയിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. ‘രജനീകാന്തിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് അനുഗ്രഹമായിട്ടാണു കരുതുന്നതെന്നും അദ്ദേഹം ഇപ്പോഴും ഒരു സൂപ്പര്‍സ്റ്റാറായി തുടരുന്നതിന്റെ കാര്യം മനസിലാക്കിയെന്നും മണികണ്ഠന്‍ പറഞ്ഞു. കൃത്യനിഷ്ഠ, വിനയം, സംവിധായകന്‍ എന്തു പറഞ്ഞാലും അതുപോലെ അഭിനയിക്കുന്ന മനസുമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ഇപ്പോഴും ഇരുപതുകാരന്റെ ഊര്‍ജമാണ് അദ്ദേഹത്തിനെന്നും മണികണ്ഠന്‍ പറഞ്ഞു.

മണികണ്ഠന്റെ കുറിപ്പ് വായിക്കാം

സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർ ഇന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാർ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി 👍

 

ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ മഹാപ്രളയത്തില്‍ അകപ്പെട്ടവരെ സഹായിച്ച വിജയ് സേതുപതിക്കുള്ള നന്ദിയും ഇക്കൂട്ടത്തില്‍ മണികണ്ഠന്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

 

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്ക് വില്ലനാകാന്‍ പോവുന്നതിന്റെ സന്തോഷം മുമ്പ് വിജയ് സേതുപതി പങ്കുവെച്ചിരുന്നു. രജനി സാറിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് ഡയലോഗ് പറയുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അദ്ദേഹത്താല്‍ തോല്‍പ്പിക്കപ്പെടാന്‍ നൂറുശതമാനം തയ്യാറെടുത്തു കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം വിജയ് സേതുപതി പറഞ്ഞിരുന്നു.