ക്വീന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്റെ ബലം പ്രയോഗിച്ചുള്ള ആലിംഗനം തുറന്നു പറഞ്ഞു നടി കങ്കണ; ‘കെട്ടിപ്പിടിക്കും, കഴുത്തില്‍ ചുണ്ടമര്‍ത്തും, ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയും’; മീ ടൂ ക്യാമ്പെയ്‌നില്‍ പുതിയ വെളിപ്പെടുത്തല്‍

Date : October 8th, 2018

ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളിൽ പുതിയ വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. സംവിധായകന്‍ വികാസ് ബഹലിനെതിരെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. 2014ല്‍ ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യാറുണ്ടായിരുന്ന സംവിധായകന്‍ കഴുത്തിലും മുടിയിലും മുഖം അമര്‍ത്താറുണ്ടായിരുന്നുവെന്ന് കങ്കണ പറഞ്ഞു. ബലംപ്രയോഗിച്ചുള്ള ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നും കങ്കണ പറഞ്ഞു.

 

ഷൂട്ടിങ് കഴിഞ്ഞ് താന്‍ നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് തന്നെ വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു.  ബോംബെ വെല്‍വെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി പറഞ്ഞതിന് പിന്നാലെയാണ് കങ്കണ ഇതേ സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

 

തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും കങ്കണ പറഞ്ഞു. നേരത്തെയും യുവതിയെ താന്‍ പിന്തുണച്ചിരുന്നു. അതിന്‍റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അന്ന് അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു.

 

ഫാന്‍റം ഫിലിം പ്രൊഡക്ഷന്‍സിന് പിന്നിലെ ഏഴ് സംവിധായകരില്‍ ഒരാളാണ് വികാസ് ബഹല്‍. 2011ല്‍ തുടങ്ങിയ കമ്പനി കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്. ഫാന്‍റം പിരിച്ചുവിട്ടതിന് ശേഷമാണ് ആളുകള്‍ക്ക് വികാസിനെതിരെ പരസ്യമായി രംഗത്തെത്താന്‍ ധൈര്യമുണ്ടായതെന്നും കങ്കണ പറഞ്ഞു. വികാസിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ യുവതി ഫാന്‍റം പ്രൊഡക്ഷന്‍സിലെ മുന്‍ ജീവനക്കാരിയാണ്.