ശബരിമല സമരത്തില്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടയായി നില്‍ക്കണം; പന്തളത്തു നിന്നും സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന ലോങ്മാര്‍ച്ചില്‍ ബിഡിജെഎസ് പങ്കെടുക്കും; വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ തള്ളി തുഷാര്‍

Date : October 9th, 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തള്ളി മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. നാളെ പന്തളത്ത് നടക്കുന്ന സമരത്തില്‍ എന്‍ഡിഎയുടെ ഒപ്പം ബിഡിജെഎസ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മാത്രമായി ഒന്നും ചെയ്യുന്നതിന് സാധ്യമല്ല. അതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിപ്പ് ആവശ്യമാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ വാക്കുകളെ വളച്ചൊടിക്കേണ്ട കാര്യമില്ല. സമരം നടത്തിയാല്‍ മാത്രമേ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ എത്തൂവെന്നും അദേഹം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സുപ്രീം കോടതിയെ വിധിയെ അനുകൂലിക്കുന്നതായി പറഞ്ഞിട്ടില്ല. ഇപ്പോള്‍ മുഴുവന്‍ ഹിന്ദുക്കളും ഒറ്റക്കെട്ടയായി നില്‍ക്കണമെന്നും അദേഹം വ്യക്തമാക്കി. പക്ഷേ വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്ന സമരത്തെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ശബരിമലയില്‍ പോകണ്ടേ കാര്യമില്ല. ഒരു കാരണവശാലും കോടതി വിധിക്കതിരെ നടത്തുന്ന സമരത്തെ എസ്എന്‍ഡിപി പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇതിനെ വിപീരതമായ നിലപാടുമായിട്ടാണ് തുഷാര്‍ രംഗത്ത് വന്നിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞുവെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എന്‍ഡിപി സമരത്തിനില്ല. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെയ്ക്കണമെന്നും അദേഹം പറഞ്ഞു.

ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഈ അക്കൗണ്ടില്‍ പത്താളെ കൂട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാനുള്ള വിവേ?കം ഹിന്ദുത്വം പറഞ്ഞു നടക്കുന്നവര്‍ക്കു കൂടി വേണ്ടേയെന്നും ഇങ്ങനെയൊരു സമരത്തിനിറങ്ങുന്നതിന് മുമ്പ് എല്ലാ ഹിന്ദുസംഘടനകളേയും വിളിച്ചുകൂട്ടി സമരത്തിന് തീരുമാനിക്കുകയല്ലേ വേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു. അങ്ങനെ ഒരു ഹിന്ദുസംഘടനയേയും വിളിച്ചുകൂട്ടിയതായി എനിക്കറിയില്ല. തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദുസമൂഹം. തമ്പാക്കന്മാര്‍ തീരുമാനിച്ച് അടിയാന്മാര്‍ ചെയ്യണം എന്ന നിലപാടിലേക്കുള്ള പോക്ക് ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് നിലപാടും നിലവാരവുമില്ല. അദ്ദേഹം ഒരു നിലപാടിലും ഉറച്ചുനില്‍ക്കുന്നില്ല. ആദ്ധ്യാത്മിക ഭൗതികവാദം നടത്തേണ്ട സ്ഥലമല്ല ക്ഷേത്രമെന്ന് പറയുന്നു. റിവ്യൂ ഹര്‍ജി കൊടുക്കണമെന്നും കൊടുക്കേണ്ട എന്നും പറയുന്നു. തന്റെ കുടുംബത്തില്‍ നിന്നും ആരും പോകില്ലെന്ന് പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ എല്ലാം പ്രക്ഷോഭക്കാര്‍ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെയ്ക്കണം. ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല എന്ന് തെളിയിച്ചു കഴിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. കഴിഞ്ഞ ദിവസം പിണറായി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. തന്ത്രി കുടുംബം മാത്രമല്ല കേരളത്തിലെ ഹിന്ദു പ്രമുഖര്‍. മറ്റ് വിഭാഗങ്ങളെയും ചര്‍ച്ചകള്‍ക്ക് വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ യോഗം വിളിക്കുമെന്നും വിഷയത്തില്‍ എസ്എന്‍ഡിപി സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.