‘ശബരിമലയുടെ പേരില്‍ നടക്കുന്നത് വിഭജനത്തിന്റെ രാഷ്ട്രീയം, ബിജെപിക്കു നേട്ടമാകും എന്നു കരുതുന്നില്ല’; വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാവ് പി.പി. മുകുന്ദന്‍

Date : October 9th, 2018

ശബരിമലയുടെ പേരില്‍ വിശ്വാസത്തിന്റെ രാഷ്ട്രീയമല്ല, ഇപ്പോള്‍ വിഭജനത്തിന്റെ രാഷ്ട്രീയമാണു നടക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളുന്നതില്‍ ബിജെപിക്കുണ്ടായ പിഴവ് വലിയ തിരിച്ചടിയാകും. മുഖ്യമന്ത്രിയുടെ പിടിവാശിയാണു പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയമുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

‘ഞങ്ങളെക്കാളും വിശ്വാസികള്‍ രംഗത്തുണ്ട് എന്ന് രാഷ്ട്രീയ കക്ഷികള്‍ അറിയേണ്ടിയിരുന്നു. വിശ്വാസത്തിന്റെ രാഷ്ട്രീയമാണ് വേണ്ടത്. വിഭജനത്തിന്റെ രാഷ്ട്രീയമല്ല’- ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരം മനസിലാക്കുന്നതില്‍ ഹിന്ദു സംഘടനകളടക്കം പരാജയപ്പെട്ടെന്ന വിമര്‍ശനമാണു മുകുന്ദന്‍ മുന്നോട്ടു വയ്ക്കുന്നത്.

 

‘ഇപ്പോഴത്തെ നീക്കങ്ങള്‍ ബിജെപിക്ക് അനുകൂലമാകുമെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്കു വിശ്വാസം വേണം. സുപ്രീം കോടതിയുടെ ഉത്തരവു വന്നതിനു ശേഷമുണ്ടായ ആശയക്കുഴപ്പം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയില്ലേ’യെന്നും മുകുന്ദന്‍ ഒരു ചാനലിനു നല്‍കിയ പ്രതികരണത്തില്‍ ചോദിക്കുന്നു. മുഖ്യമന്ത്രു ദുര്‍വാശി അവസാനിപ്പിക്കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും മുകുന്ദന്‍ കത്തയച്ചു.

 

അതേസമയം, ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണു സര്‍ക്കാരെന്നാണു വിവരം. വിയോജനമറിയിച്ച വനിതാ പോലീസുകാര്‍ക്കു പകരം അമ്പതു വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ നിയോഗിക്കാനാണു പുതിയ ശ്രമം. ഇവരുടെ പ്രവേശനത്തിന് ആചാരങ്ങള്‍ തടസമാകില്ലെന്നു കണ്ടാണു സംസ്ഥാന പോലീസ് ഇത്തരമൊരു നീക്കത്തിനു തയാറെടുക്കുന്നത്. യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി പാലിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആചാരങ്ങള്‍ ലംഘിക്കുന്നില്ലെന്നു വ്യക്തമാക്കാനും ഇതു സഹായിക്കും.

 

യുവതികളെ പ്രവേശിപ്പിക്കുക സര്‍ക്കാരിന്റെ അജന്‍ഡയല്ലെന്നു പിണറായി വിജയന്‍തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പോലീസില്‍നിന്നുതന്നെ ഉയര്‍ന്ന നിര്‍ദേശം ഗുണകരമാകുമെന്നാണു കണക്കാക്കുന്നത്. ശബരിമല സുരക്ഷയ്ക്കു പുരുഷപോലീസുകാരെ മാത്രമാകും നിയോഗിക്കുക. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ നിയന്ത്രിക്കുക, സഹായിക്കുക, അവര്‍ക്കു സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടുക എന്നിവയാകും വനിതാ പോലീസിന്റെ ചുമതല. ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു മുമ്പ് ഇവരില്‍നിന്നു സമ്മതപത്രം വാങ്ങും. പതിനെട്ടാംപടിക്കു താഴെയാകും വിന്യസിക്കുക. ആവശ്യമുള്ള അവസരങ്ങളില്‍ മാത്രമേ പതിനെട്ടാംപടിക്കു മുകളിലും സോപാനത്തിനടുത്തും ഇവരുടെ സേവനം ഉപയോഗിക്കൂ.

 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച് കോടതിവിധി വന്നെങ്കിലും ദര്‍ശനത്തിനു പോകുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. ഡ്യൂട്ടിയുടെ ഭാഗമായാണെങ്കില്‍ക്കൂടിയും ആചാരം ലംഘിക്കുന്നതില്‍ ആശങ്കയുള്ള വനിതാ പോലീസുകാരുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 50 കഴിഞ്ഞവരെ തെരഞ്ഞെടുത്തു നിയോഗിക്കാന്‍ ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു വനിതാ പോലീസിനെ വിളിക്കേണ്ടിവന്നാലും പ്രായക്കാര്യം അനൗദ്യോഗികമായി സൂചിപ്പിക്കും.