ശബരിമല: സമരം തുടര്‍ന്നാല്‍ സമാന്തര സമരത്തെക്കുറിച്ച് ആലോചിക്കും; എന്‍എസ്എസ് ശ്രമിക്കുന്നത് രണ്ടാം വിമോചന സമരത്തിന്; ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുത്: വെള്ളാപ്പള്ളി

Date : October 9th, 2018

ശബരിമല വിധിയില്‍ സര്‍ക്കാരിനെ പിന്തുണച്ചും സമരത്തെ തളളിപ്പറഞ്ഞും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രംഗത്ത്. എസ്.എന്‍.ഡി.പി സമരത്തിനില്ല. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച വെള്ളാപ്പള്ളി എന്‍എസ്എസ് രണ്ടാംവിമോചനസമരത്തിന് ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

എന്‍എസ്എസിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി വിളിച്ചിട്ടും ചര്‍ച്ചയ്ക്ക് പോകാതിരുന്ന തന്ത്രി കുടുംബത്തിന്റെ നിലപാട് മര്യാദയല്ല. ഹിന്ദുസംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണം. വിധിയെ കര്‍മം കൊണ്ടാണ് മറികടക്കേണ്ടത്. ഇതിന് സ്ത്രീകള്‍ ശബരിമലയില്‍ പോവാതിരിക്കുകയാണ് വേണ്ടത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. രണ്ടു വള്ളത്തിലും കാലുവയ്ക്കുന്ന എ. പത്മകുമാർ രാജിവയ്ക്കണം. ദേവസ്വം പ്രസിഡന്റ് എൻഎസ്എസിന്റെ ആളാണോ പാർട്ടിയുടെ ആളാണോ എന്ന് ഇപ്പോൾ പറയുന്നില്ല. എസ്എൻഡിപിയിലെ പെണ്ണുങ്ങൾ ശബരിമലയ്ക്കു പോകില്ല. പോകരുതെന്നാവശ്യപ്പെട്ട് സർക്കുലർ ഇറക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞു. തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടനകളെ സർക്കാർ ചർച്ചയ്ക്കു വിളിക്കണം. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എൻഡിപി യോഗത്തിന്റെ പിന്തുണയില്ല. കോടതിവിധിക്കെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതു ശരിയായില്ല. സമരം തുടർന്നാൽ സമാന്തരപ്രതിരോധ സമരത്തെ കുറിച്ച് എസ്എൻഡിപി ആലോചിക്കും. ഇപ്പോൾ നടക്കുന്ന സമരം സർക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയാണ്. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി അംഗീകരിക്കണം – വെള്ളാപ്പള്ളി അറിയിച്ചു.