ശബരിമല ഡ്യൂട്ടിക്ക് 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാര്‍; ആചാരം ലംഘിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ തന്ത്രം; വിന്യസിക്കുക പതിനെട്ടാം പടിക്കുതാഴെ

Date : October 9th, 2018

ശബരിമലയില്‍ ഡ്യൂട്ടിക്കു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിയോജിപ്പ് അറിയിച്ചെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, അമ്പതു വയസിനു മുകളിലുള്ളവരെ നിയോഗിക്കാന്‍ ആലോചന. ഇവരുടെ പ്രവേശനത്തിന് ആചാരങ്ങള്‍ തടസമാകില്ലെന്നു കണ്ടാണു സംസ്ഥാന പോലീസ് ഇത്തരമൊരു നീക്കത്തിനു തയാറെടുക്കുന്നത്. യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി പാലിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആചാരങ്ങള്‍ ലംഘിക്കുന്നില്ലെന്നു വ്യക്തമാക്കാനും ഇതു സഹായിക്കും. യുവതികളെ പ്രവേശിപ്പിക്കുക സര്‍ക്കാരിന്റെ അജന്‍ഡയല്ലെന്നു പിണറായി വിജയന്‍തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പോലീസില്‍നിന്നുതന്നെ ഉയര്‍ന്ന നിര്‍ദേശം ഗുണകരമാകുമെന്നാണു കണക്കാക്കുന്നത്.

 

ശബരിമല സുരക്ഷയ്ക്കു പുരുഷപോലീസുകാരെ മാത്രമാകും നിയോഗിക്കുക. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ നിയന്ത്രിക്കുക, സഹായിക്കുക, അവര്‍ക്കു സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടുക എന്നിവയാകും വനിതാ പോലീസിന്റെ ചുമതല. ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു മുമ്പ് ഇവരില്‍നിന്നു സമ്മതപത്രം വാങ്ങും. പതിനെട്ടാംപടിക്കു താഴെയാകും വിന്യസിക്കുക. ആവശ്യമുള്ള അവസരങ്ങളില്‍ മാത്രമേ പതിനെട്ടാംപടിക്കു മുകളിലും സോപാനത്തിനടുത്തും ഇവരുടെ സേവനം ഉപയോഗിക്കൂ.

 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച് കോടതിവിധി വന്നെങ്കിലും ദര്‍ശനത്തിനു പോകുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. ഡ്യൂട്ടിയുടെ ഭാഗമായാണെങ്കില്‍ക്കൂടിയും ആചാരം ലംഘിക്കുന്നതില്‍ ആശങ്കയുള്ള വനിതാ പോലീസുകാരുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 50 കഴിഞ്ഞവരെ തെരഞ്ഞെടുത്തു നിയോഗിക്കാന്‍ ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു വനിതാ പോലീസിനെ വിളിക്കേണ്ടിവന്നാലും പ്രായക്കാര്യം അനൗദ്യോഗികമായി സൂചിപ്പിക്കും.