മീടു ക്യാമ്പയിനില്‍ മാനം പോയി മുകേഷ്; ടിവി ഷോയ്ക്കിടെ ലൈംഗികമായി പെരുമാറിയെന്ന് ടെസ് ജോസഫ്; ‘ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല’, ഒരു ചില്ലിക്കാശുപോലും നല്‍കില്ലെന്ന് മുകേഷ്

Date : October 10th, 2018

നടനും സിപിഐഎം കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ മോശം പെരുമാറ്റ ആരോപണവുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും സാങ്കേതിക പ്രവര്‍ത്തകയുമായ ടെസ് ജോസഫ്. ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്റെ മീ ടു വെളിപ്പെടുത്തല്‍.

എന്നാല്‍, താന്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിച്ചതിനെ ടെസ് രൂക്ഷമായി വിമര്‍ശിച്ചു. ‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യം പറഞ്ഞു. ഒരുകാര്യം വ്യക്തമാക്കട്ടെ. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ എന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുത്’ ടെസ് ട്വിറ്ററിലെ കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകള്‍ക്കു പിന്തുണയും സുരക്ഷിതവുമായ സാഹചര്യം തൊഴിലിടങ്ങളില്‍ വേണം. എന്താണ് 19 വര്‍ഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലേക്കു നോക്കൂ. ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അവരുടെ കഥകള്‍ പറയുന്ന സാഹചര്യം കാണുന്നില്ലേ? വീട്ടുകാരുള്‍പ്പെടെ ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി അറിയാമായിരുന്നു. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത് ടെസ് പറഞ്ഞു.

തനിക്ക് 20 വയസുളളപ്പോള്‍ കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഹോട്ടലില്‍ താമസിക്കുമ്പോള്‍ തന്റെ മുറിയിലെ ഫോണിലേക്ക് നിരവധി തവണ മുകേഷ് വിളിച്ച് ശല്യപ്പെടുത്തി.

മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറാനായിരുന്നു ഫോണിലെ ആവശ്യം. എന്നാല്‍ ഇക്കാര്യം തന്റെ സ്ഥാപന മേധാവിയായ ഡെറിക് ഒബ്രിയാനെ വിളിച്ച് പരാതിപ്പെടുകയും ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് തയ്യാറാക്കി തരുകയും താന്‍ അവിടെ നിന്ന് പോകുകയും ചെയ്തു.

19 വര്‍ഷത്തിന് ശേഷം ഡെറിക് ഒബ്രിയാന് നന്ദി പറയുന്നുവെന്നുമാണ് ടെസ് ജോസഫ് ട്വിറ്ററില്‍ വ്യക്തമാക്കിയത്. അന്ന് താമസസൗകര്യം ഒരുക്കിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന ഷൂട്ടിങ് ക്രൂവിലെ ഏക പെണ്‍കുട്ടി താനായിരുന്നുവെന്നും ടെസ് വിശദമാക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ ചിരിച്ചു തളളുകയായിരുന്നു മുകേഷ്. ഇത്തരമൊരു സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും ആരോപണം ഉന്നയിച്ച വ്യക്തിയെ അറിയില്ലെന്നും ഒരു ചില്ലിക്കാശുപോലും അവര്‍ക്ക് നല്‍കില്ലെന്നും മുകേഷ് പറഞ്ഞു.
മുംബൈയില്‍ കാസ്റ്റിങ് ഡയറക്ടറുടെ ജോലി ചെയ്യുന്ന ടെസ് ജോസഫ് ട്വീറ്റില്‍ മുകേഷിന്റെ ചിത്രം പങ്കുവെയ്ക്കുകയും കോടീശ്വരന്‍ പരിപാടി അവതരിപ്പിച്ചിരുന്നതാണെന്നും കുറിച്ചിട്ടുണ്ട്.

തനുശ്രീ ദത്ത നാനാപടേക്കറില്‍ നിന്നും ഉണ്ടായ ദുരനുഭവത്തെ തുറന്ന് പറഞ്ഞാണ് ഇന്ത്യയില്‍ മീ ടൂ കാംപെയിന്‍ തുടങ്ങി വെച്ചത്. പിന്നീട് ഇത് ന്യൂസ് റൂമുകളിലേക്കും പടര്‍ന്നു. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സന്ധ്യമേനോനാണ് ഇന്ത്യന്‍ വാര്‍ത്താലോകത്തെ തുറന്നു പറച്ചിലുകള്‍ക്ക് തുടക്കം കുറിച്ചത്. ജോലി സ്ഥലത്ത് വെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവമുണ്ടായതായി സ്ന്ധ്യ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.