‘ക്ഷേത്രത്തില്‍ കുളിച്ച് തൊഴുന്നത് സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ പുരുഷന്‍മാരെ കാട്ടാന്‍; ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും’; തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.കെ ശ്രീമതി

Date : October 10th, 2018

ക്ഷേത്രത്തില്‍ കുളിച്ച് തൊഴുന്നത് സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ പുരുഷന്‍മാരെ കാട്ടാനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി എംപി. നാല് വോട്ടിനു വേണ്ടി സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സിപിഎം കൂട്ടുനില്‍ക്കില്ല. ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കും. പോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല, അതേസമയം പോകുന്നവര്‍ക്കു സംരക്ഷണം നല്‍കുമെന്നും അവര്‍ പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ എന്തും വിലയും കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാണ്. വിശ്വാസത്തെ ചൂഷണം ചെയ്തു സ്ത്രീകളെ ഇളക്കാനാണ് കോണ്‍ഗ്രസും ആര്‍എസ്എസും ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് അവകാശം വേണ്ടാ എന്നു പറഞ്ഞു മുദ്രാവാക്യം വിളിക്കുന്നത് കേരളത്തില്‍ ആദ്യമായാണെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയില്‍ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് ലക്ഷ്യമിട്ടു നടത്തുന്ന സമരമാണ് ഇപ്പോള്‍ കേരളത്തില്‍. പിന്നാക്കം നടക്കണമെന്നു പറഞ്ഞു നടക്കുന്ന സമരം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നു പറയാനുള്ള ആര്‍ജവം പ്രതിപക്ഷ നേതാവിനുണ്ടോ? ഞങ്ങളൊക്കെ സുപ്രീം കോടതിക്ക് എതിരാണെന്നു പറയാന്‍ ധൈര്യമുണ്ടോ? അല്ലാതെ സ്ത്രീകളെയിട്ടു കുരുങ്ങു കളിപ്പിക്കരുത്. പട്ടികജാതിക്കാര്‍ ശാന്തിക്കാരായി ഇരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമാണ് അശുദ്ധിയെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

ഈ വിധിയെക്കുറിച്ച് പ്രധാനമന്ത്രിയോ ബിജെപി ദേശീയ അധ്യക്ഷനോ മിണ്ടുന്നില്ല. അവര്‍ മൗനം വെടിയണം. സ്ത്രീകളുടെ അവകാശം നിഷേധിക്കണം എന്നു പറഞ്ഞു കേരളത്തില്‍ നടക്കുന്ന സമരത്തെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? കേരളത്തില്‍ പ്രതിപക്ഷ നേതാവിന്റെ ശ്രമം ആത്മഹത്യാപരമാണെന്നും ശ്രീമതി പറഞ്ഞു.

അതേസമയം,ര സിപിഎമ്മിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ അവകാശ സംരക്ഷണ സംഗമത്തില്‍ സ്ത്രീകളെ എത്തിച്ചത് തൊഴിലുറപ്പ് യോഗത്തിനെന്ന പേരിലാണെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ കാര്യമറിഞ്ഞത് യോഗസ്ഥലത്തെത്തിയപ്പോള്‍ മാത്രമാണെന്നും തെളിഞ്ഞു. ഹിന്ദുക്കളെ കൊച്ചാക്കാനുള്ള പരിപാടിക്കാണ് തങ്ങളെ കൊണ്ടുവന്നതെന്ന് അറിഞ്ഞില്ലായിരുന്നെന്ന് സംഗമത്തിനെത്തിയവരില്‍ ചിലര്‍ പ്രതികരിച്ചു.

കാര്യമറിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ യോഗത്തില്‍ നിന്നിറങ്ങിയെന്നും ഇവര്‍ പറയുന്നു. ഇതോടെ നിരവധി സ്ത്രീകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഈശ്വര വിശ്വാസികളായ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിക്ക് കൊണ്ടുപോയതെന്ന് ഇവര്‍ തുറന്നടിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും നടക്കുന്ന വിശ്വാസികളുടെ നാമജപ ഘോഷയാത്രകള്‍ക്ക് മറുപടിയായിട്ടാണ് പത്തനംതിട്ടയില്‍ സിപിഎം വനിത അവകാശ സംരക്ഷണ സംഗമം നടത്തിയത് .എന്നാല്‍ ഇത് തുടക്കത്തിലേ പാളി.