പി.കെ. ശശിക്ക് അനുകൂല മൊഴി നല്‍കാന്‍ 14 ലക്ഷം നല്‍കിയതും പാര്‍ട്ടി കമ്മിഷന്‍ അന്വേഷിക്കും; ശശി വീണ്ടും പൊതുപരിപാടികളില്‍ സജീവമാകുന്നു

Date : October 15th, 2018

ഷൊറണൂര്‍: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ഷൊറണൂര്‍ എംഎല്‍എ പി.കെ. ശശിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. പണം വാഗ്ദാനം ചെയ്‌തെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലും അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം പരിശോധിക്കാന്‍ കമ്മിഷനോട് ആവശ്യപ്പെട്ടെന്നാണു സൂചന. പാര്‍ട്ടി കമ്മിഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു പുതുശ്ശേരി ഏരിയാ കമ്മിറ്റി നല്‍കിയ പരാതിയെക്കുറിച്ചു സൂചിപ്പിച്ചത്. പരാതി ഗൗരവതരമാണെന്നും കമ്മിഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചെന്നാണു സൂചന.

പുതുശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ശശിക്കെതിരെ ജില്ലയിലെ 5 നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നു കമ്മിഷനു മൊഴി നല്‍കണമെന്ന് ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു പുതുശ്ശേരി ഏരിയാ കമ്മിറ്റിയില്‍ ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്. ജില്ലയിലെ പ്രധാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഇത് ആവശ്യപ്പെടുന്നതെന്നും പ്രത്യുപകാരമായി 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചു നല്‍കാമെന്ന വാഗാദാനം നല്‍കിയെന്നും ഇദ്ദേഹം കമ്മിറ്റിയില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം പി.കെ. ശശി ക്കെതിരെയുള്ള ആരോപണത്തില്‍ പാര്‍ട്ടി നിശ്ചയിച്ച സമയത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പാര്‍ട്ടിയില്‍ വിശ്വാസം ഉള്ളതുകൊണ്ടായിരിക്കുമല്ലോ അവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും പൊലീസില്‍ പരാതിയുമായി പോകാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒന്നര മാസമായി പൊതുപരിപാടികളില്‍ നിന്നു പാര്‍ട്ടി നിര്‍ദേശപ്രകാരം വിട്ടു നിന്നിരുന്ന പി.കെ. ശശി ഇന്നലെ പാലക്കാട്ടു നടന്ന പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തു.

അതേസമയം ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിക്കു സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നു തന്നെയാണു കമ്മിഷന്റെ കണ്ടെത്തല്‍. എന്നാല്‍ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു കമ്മിഷന്റെ നിഗമനം. പരാതിക്കാരിയായ പെണ്‍കുട്ടിയെക്കൂടി തൃപ്തിപ്പെടുത്തുന്ന തീരുമാനമാകും ഉണ്ടാവുകയെന്നാണു സിപിഎം നേതൃത്വം നല്‍കുന്ന സൂചന.