ശബരിമലയില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്; ‘സ്ത്രീകളുടെ പ്രാര്‍ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല; എന്തു ചെയ്യണമെന്ന് വിശ്വാസികള്‍ തീരുമാനിക്കണം’

Date : October 16th, 2018

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീകളുടെ പ്രാര്‍ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇനി തീരുമാനം എന്‍എസ്എസിന്റേതാണ്.ഇനി എന്തുചെയ്യണമെന്നു തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും എന്‍എസ്എസ് പറഞ്ഞു. പ്രവേശനസ്വാതന്ത്ര്യമല്ല, ആചാരാനുഷ്ഠാനങ്ങളാണ് ഞങ്ങള്‍ക്കു വലുതെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ലക്ഷക്കണക്കിനു സ്ത്രീകള്‍ കേരളത്തിനകത്തും പുറത്തും പ്രാര്‍ഥനായജ്ഞങ്ങള്‍ നടത്തിയത്. ഇത് സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും എന്‍എസ്എസ് അറിയിച്ചു.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ കുറ്റപ്പെടുത്തി. ഭക്തഹിതം നടപ്പിലാക്കുകയും ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തുകൊണ്ട് സ്വതന്ത്ര ചുമതലയോടെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ ബോര്‍ഡ് പ്രസിഡന്റും മറ്റു അംഗങ്ങളും വാസ്തവത്തില്‍ ഹിന്ദു സംഘടനകളെയും ഭക്ത ജനങ്ങളെയും വിഘടിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ നീതിപീഠത്തിന്റെ വിധിക്കു ശേഷം കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പുറം ലോകത്തും ഉള്ള ഭക്തജന കൂട്ടായ്മയുടെ പ്രതിഷേധം കനത്തു വന്നതു കണ്ട ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ഇന്ന് യോഗം വിളിച്ചു കൂട്ടുകയുണ്ടായി. ശബരിമല വിഷയത്തില്‍ രമ്യമായ പരിഹാരം കാണുവാനുള്ള തുറന്ന ചര്‍ച്ചെക്കെത്തണം എന്നായിരുന്നു ക്ഷണിച്ചത്. വൈകിയ വേളയിലെങ്കിലും സദ്ബുദ്ധി കാട്ടി ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ പന്തളം രാജകൊട്ടാരം പ്രതിനിധികളും, ശബരിമല തന്ത്രിമാരും, താന്ത്രിസമാജവും, യോഗക്ഷേമ സഭയും, അയ്യപ്പ സേവാ സംഘവും, ശബരിമല അയ്യപ്പ സേവാ സമാജം പ്രതിനിധികളും ഒത്തു കൂടി. എല്ലാ സംഘടനാ പ്രതിനിധികളും ഒപ്പിട്ട 8 അംശങ്ങളടങ്ങിയ ഒരു നിവേദനം പന്തളം കൊട്ടാരം ശ്രീമൂലംതിരുനാള്‍ ശശികുമാരവര്‍മയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിക്കുകയുണ്ടായി.

പക്ഷെ, നിര്‍ഭാഗ്യവശാല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥതയുള്ള ദേവസ്വം ബോര്‍ഡ്, ആ ചുമതലയില്‍നിന്നും തടിയൂരി പിന്മാറുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു തീരുമാനം പറയാമെന്നും, അല്ലെങ്കില്‍ വരുന്ന 19 നു ദേവസ്വം ബോര്‍ഡ് കൂട്ടി വക്കീലന്മാരോടും കൂടി ആലോചിച്ചു ഒരു തീരുമാനമെടുക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ നിലപാട്. അവിടെ കൂടിയിരുന്ന എല്ലാ പ്രതിനിധികളും ഇത് നിരസിക്കുകയും, നാളെ നടതുറക്കാനിരിക്കുന്നതുകൊണ്ടു കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉടനടി ഒരു തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

ആത്മധൈര്യം നഷ്ടപ്പെട്ട ദേവസ്വം പ്രസിഡന്റിനോ അംഗങ്ങള്‍ക്കോ മുഖ്യമന്ത്രിയുടെ അഭിപ്രായം ആരായാതെ ഇതിലൊരു തീരുമാനം ഉള്‍ക്കൊള്ളുവാനുള്ള ത്രാണി ഇല്ലാതെ പോയി. മുഴുവന്‍ ഭക്തജനങ്ങളുടെയും വികാരം മാനിച്ചുകൊണ്ട് അവര്‍ കാംക്ഷിക്കുന്ന ഒരു നല്ല തീരുമാനമെടുക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡിനോട് പ്രതിഷേധിച്ച എല്ലാ പ്രതിനിധികളും പന്തളം കൊട്ടാരം തമ്പുരാന്റെയും തന്ത്രിമാരുടെയും നേതൃത്വത്തില്‍ യോഗം ബഹിഷ്‌കരിച്ചു പുറത്തു വന്നു.

ശബരിമല അയ്യപ്പ സേവാ സമാജം, ശബരിമല കര്‍മസമിതി നയിക്കുന്ന സമാധാന സമര പരിപാടികളുമായി സഹകരിച്ചു മുന്നോട്ടു പോകുവാനും, എത്രയും പെട്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍, തന്ത്രി സമൂഹം, ആചാര്യന്മാര്‍, സന്യാസിമാര്‍, പണ്ഡിതന്മാര്‍ എന്നിവരുടെ ഒരു സംയുക്ത യോഗം ഉടനെ വിളിച്ചു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് ശബരിമല കര്‍മ്മ സമിതിയോട് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു.

അയ്യപ്പ ഭക്തകളായ യുവതികളും, വനിതാ പോലീസും, ഉദ്യോഗസ്ഥകളും ആചാര ലംഘനത്തിന് കൂട്ട് നില്‍ക്കരുതെന്നും ഈറോഡ് രാജന്‍ അഭ്യര്‍ത്ഥിച്ചു. ദേവസ്വം ബോര്‍ഡ് വിളിച്ചുകൂട്ടിയ ചര്‍ച്ചക്ക് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ശബരിമലയില്‍ സംഘര്‍ഷത്തിനില്ലെന്നും എത്തുന്ന യുവതികളെ ബിജെപി തടയില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. വിശ്വാസികള്‍ തടയുമോയെന്നറിയില്ല. ആചാരവിരുദ്ധമായി ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയുടെ നാലു ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഇവിടെ ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.