കരുണ എസ്‌റ്റേറ്റ് നികുതി: മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി; ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക പിരിക്കാനും നീക്കം തുടങ്ങി; റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Date : September 14th, 2017

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്സ് ഗ്രൂപ്പിന്റെ കൈവശമുള്ള 800 ഏക്കറോളം വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് നികുതി സ്വീകരിക്കാന്‍ 2016 മാര്‍ച്ചില്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണ് തീരുമാനം റദ്ദാക്കിയത്. തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിന്റെ കൈവശമുള്ള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനംമാത്രം ഈടാക്കി പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ നല്‍കാന്‍ നിര്‍ദേശിച്ചത്.

ഭൂമാഫിയകളെയും അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയവരെയും സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നിരവധി കടുംവെട്ട് തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഈ തീരുമാനങ്ങളെല്ലാം പുനഃപരിശോധിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ എ കെ ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്.

2014 മെയ് 28ന് കരുണ എസ്റ്റേറ്റ് കൈവശം വച്ച ഭൂമി പോക്കുവരവ് ചെയ്ത ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാറുടെ നടപടി 2014 ജൂലൈ എട്ടിന് സിപിഐ എം അംഗം എ കെ ബാലന്‍ നിയമസഭയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് വലിയ വിവാദമായി. തുടര്‍ന്ന് പോക്കുവരവ് റദ്ദാക്കുകയും ഭൂമിയെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ യുഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി മേരിക്കുട്ടി 2014 ഒക്ടോബര്‍ ഏഴിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണവിധേയമായ ഭൂമി 1963ലെ ഭൂപരിഷ്കരണനിയമത്തിലെ സെക്ഷന്‍ 72 അനുസരിച്ച് 1970 ജനുവരി ഒന്നു മുതല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും അത് കൈമാറ്റം ചെയ്യാനാവില്ലെന്നും വ്യക്തമായി പറഞ്ഞു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെല്ലാം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് ഇതിന് വിരുദ്ധമായി കരമടയ്ക്കാനുള്ള അനുമതി 2016 മാര്‍ച്ചില്‍ നല്‍കിയത്.

ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ക്കെതിരെ പോബ്സ് എസ്റ്റേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി 2014 ഡിസംബര്‍ 17ന് ഉത്തരവിട്ടിരുന്നു. പിന്നീട് 2015 ഫെബ്രുവരി 26ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സര്‍വേ നടത്തുന്നതൊഴിച്ചുള്ള നടപടികള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെയേ പാടുള്ളൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2015 ജനുവരി 15ന് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലും കരുണാ എസ്റ്റേറ്റ് കൈവശം വച്ച ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പറഞ്ഞിട്ടുണ്ട്. സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് കരമടയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കിയത്.

കൊല്ലങ്കോട്ടെ വെങ്ങുനാട് കോവിലകം വകയായിരുന്ന 1500 ഏക്കര്‍ ഭൂമി എ എം മെക്കന്‍സി, എച്ച് എം ഹാള്‍ എന്നീ വിദേശികള്‍ക്ക് 75 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയത് 1890ലാണ്. 1944 ഡിസംബര്‍ 28ന് അമാല്‍ഗമേറ്റഡ് കോഫി എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാട്ടക്കൈമാറ്റത്തിലൂടെ ഈ ഭൂമി നല്‍കി. 1969ല്‍ 1009 ഏക്കര്‍ ഭൂമി തീറാധാരമായി എന്‍ ജെ ജോസഫിന് നല്‍കിയെന്ന് കമ്പനി അവകാശപ്പെടുന്നു. ഇദ്ദേഹം 1979ലെ ആധാരപ്രകാരം കരുണ പ്ളാന്റേഷന് നല്‍കി. 1988ല്‍ ഓഹരി കൈമാറ്റത്തിലൂടെയാണ് പോബ്സ് എസ്റ്റേറ്റിന് ഈ ഭൂമി ലഭിച്ചത്. പാട്ടക്കാലാവധിക്കുള്ളില്‍ നടത്തിയ കൈമാറ്റങ്ങളും പാട്ടാധാരം വിലയാധാരമാക്കിയതും തികഞ്ഞ നിയമവിരുദ്ധ നടപടികളായിരുന്നുവെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരം കൈമാറ്റങ്ങള്‍ക്ക് രേഖകളൊന്നുമില്ല. 1963ലെ ഭൂപരിഷ്കരണനിയമം ആക്ട് 82 പ്രകാരം, പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഭൂപരിധി കഴിഞ്ഞുള്ളത് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതുപ്രകാരം 1970ല്‍ ഈ ഭൂമിയാകെ സര്‍ക്കാരില്‍ നിക്ഷിപ്തമായി. അതിനാല്‍ പോബ്സ് കമ്പനി അനധികൃതമായി കൈവശം വച്ച ഭൂമിക്ക് കരമടയ്ക്കാന്‍ കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നിലപാടിനെയാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ തീരുമാനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്.

email കരുണ എസ്‌റ്റേറ്റ് നികുതി: മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി; ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക പിരിക്കാനും നീക്കം തുടങ്ങി; റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണംpinterest കരുണ എസ്‌റ്റേറ്റ് നികുതി: മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി; ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക പിരിക്കാനും നീക്കം തുടങ്ങി; റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം0facebook കരുണ എസ്‌റ്റേറ്റ് നികുതി: മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി; ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക പിരിക്കാനും നീക്കം തുടങ്ങി; റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം0google കരുണ എസ്‌റ്റേറ്റ് നികുതി: മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി; ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക പിരിക്കാനും നീക്കം തുടങ്ങി; റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം0twitter കരുണ എസ്‌റ്റേറ്റ് നികുതി: മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി; ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശിക പിരിക്കാനും നീക്കം തുടങ്ങി; റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം